
പാമ്പൻ ദ്വീപിലാണ് ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിലൊന്നായ രാമേശ്വരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിനാൽ, ഇവിടം രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്നു. ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും ഇടയിലായി മാന്നാർ കടലിടുക്കിലാണ് രാമേശ്വരത്തിന്റെ സ്ഥാനം. ഇവിടെനിന്നും നോക്കിയാൽ കാണാവുന്ന ദൂരത്തിലാണ് ശ്രീലങ്ക സ്ഥിതി ചെയ്യുന്നത്.
രാമായണം അനുസരിച്ച്, ലങ്കാപതിയായ രാവണൻ തട്ടിക്കൊണ്ടുപോയ സീതയെ മോചിപ്പിക്കുന്നതിനായി ശ്രീരാമൻ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് പാലം നിർമിച്ച സ്ഥലമാണിത്. രാമന്റെ ഈശ്വരൻ വാണരുളുന്ന ദേശം എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് രാമേശ്വരം എന്ന പേര് ലഭിച്ചത്. ലങ്കയിലെത്തിച്ചേരാൻ വാനരസേനയുടെ സഹായത്തോടെ ശ്രീരാമൻ പാലം പണിതു എന്നാണ് വിശ്വാസം. ഈ പാലം ഇപ്പോഴും കാണാൻ സാധിക്കും.
രാമായണത്തിൽ ഈ കഥ സേതുബന്ധനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്നു. രാമായണത്തിൽ പരാമർശിക്കുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. പാലത്തിനെ നിർമ്മാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്റെ ധനുസിന്റെ അഗ്രംകൊണ്ട് അടയാളപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധനുഷ്കോടി. രാവണനെ പരാജയപ്പെടുത്തിയശേഷം തിരിച്ചെത്തിയ രാമൻ വിഭീഷണന്റെ അഭിപ്രായം മാനിച്ച് തന്റെ വില്ലിന്റെ മുനകൊണ്ട് സേതുവിനെ ഉടയ്ക്കയാൽ ധനുഷ്കോടി എന്ന സ്ഥലനാമം ഉണ്ടായി എന്നൊരു അഭിപ്രായവുമുണ്ട്.
ശ്രീരാമനോട് രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി നേടാൻ മഹർഷികൾ നിർദ്ദേശിച്ചു. ഇതിനായി ശിവലിംഗം കൊണ്ടുവരാൻ ഹനുമാനെ കൈലാസത്തിലേക്കയച്ചു. എന്നാൽ, ഹനുമാൻ എത്താൻ കാലതാമസമെടുത്തതോടെ സീതാദേവി തന്റെ കരങ്ങളാൽ മണലിൽ സൃഷ്‌ടിച്ച ശിവലിംഗം പ്രതിഷ്‌ഠിച്ച് പൂജകൾ നടത്തി.
ഇതിൽ ദുഃഖിതനായ ഹനുമാനെ സമാധാനിപ്പിക്കുന്നതിനായി രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗത്തിനു സമീപംതന്നെ ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ച് പ്രസ്തുതലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമൻ പറഞ്ഞുവെന്നും വിശ്വാസമുണ്ട്. ശിവനും പാർവതിയുമാണ് രാമേശ്വരം ക്ഷേത്രത്തിലെ മുഖ്യദേവതകൾ.
മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ ഇടതുഭാഗത്ത് നിലകൊള്ളുമ്പോൾ ഇവിടെ പാർവതി ശിവന്റെ വലതുഭാഗത്താണ്. ഇന്ത്യയിലെ നാല് മഹാക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം. മാത്രമല്ല, ഇന്ത്യയിലെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് രാമേശ്വരം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലുള്ള 22 പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്‌നാനം സർവപാപങ്ങളും നശിപ്പിച്ച് മോക്ഷം നൽകുമെന്നും വിശ്വാസമുണ്ട്. ഓരോ ദിവസവും പതിനായിരക്കണക്കിന് ഭക്തരാണ് ക്ഷേത്രം ദർശിക്കാനെത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |