
ഒരുപാട് സവിശേഷതകൾ ഉള്ള ക്ഷേത്രമാണ് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിനടുത്തുള്ള പ്രശസ്തമായ ഹനുമാൻ സ്വാമി ക്ഷേത്രം. ക്ഷേത്രത്തിലെ മൂർത്തി ഭക്തദാസനായ ലോകത്തിലെ ഒരേയൊരു ക്ഷേത്രംം എന്നും ഇതിനെ വിശേഷിക്കപ്പെടുന്നു. വിഷ്ണുഭക്തൻ എന്ന സങ്കല്പത്തിലാണ് ഇവിടുത്തെ ഹനുമാൻ പ്രതിഷ്ഠ ഉള്ളത് എന്നതാണ് പ്രധാന കാരണം, ഹനുമാൻ സ്വാമിയുടെ വലതുവശത്തായി മഹാദേവനും ഇടതുവശത്ത് മഹാവിഷ്ണു പ്രതിഷ്ഠയും ഉണ്ടെന്നുള്ളതാണ് പ്രധാന സവിശേഷത. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമാനമായി ഇന്ത്യൻ കരസേനയുടെ മദ്രാസ് റെജിമെന്റ് ആണ് ക്ഷേത്ര കാര്യങ്ങൾ നോക്കി നടത്തുന്നത്. വെണ്ണ കൊണ്ടുള്ള മുഴുക്കാപ്പും ഉദയാസ്തമന പൂജകളുമാണ് പ്രധാന ചടങ്ങുകൾ. ഇതിനു പുറമേ വഴിപാടായി വടമാലയും മറ്റു നേർച്ചകളും ഭക്തർ സമർപ്പിക്കാറുണ്ട്.
അടുത്തിടെ അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്ഷേത്ര ചുമരുകളിൽ രാമായണകഥ വിവരിക്കുന്ന ചിത്രങ്ങൾ വരച്ചുചേർത്തിരുന്നു. ക്ഷേത്രത്തിലുള്ള ഹനുമാൻ സ്വാമിയുടെ കൂറ്റൻ പ്രതിമയും പ്രധാന ആകർഷണമാണ്.

ക്ഷേത്ര ഐതിഹ്യം
നിലവിലെ നിയമസഭാ സമുച്ചയത്തോട് ചേർന്നുള്ള പഴയ കന്റോൺമെന്റ് ഏരിയയിൽ സംസ്ഥാന സേനക്ക് ഒരു സൈനിക വ്യൂഹം ഉണ്ടായിരുന്നു. 1935ൽ കന്റോൺമെന്റിൽ നിന്ന് പാങ്ങോടിലേക്ക് മാറ്റിയതിന്റെ ഫലമായി, പുതിയ കന്റോൺമെന്റ് ഏരിയയിൽ തങ്ങളുടെ സൈനികർക്ക് ആരാധനാലയം സ്ഥാപിക്കേണ്ടതിന്റെ ഭാഗമായി പാങ്ങോട് ഒരു ക്ഷേത്രം സ്ഥാപിക്കുകയായിരുന്നു. . ക്ഷേത്ര സമുച്ചയത്തിൽ അഞ്ച് പ്രധാന വിഗ്രഹങ്ങളുണ്ട്. ഹനുമാൻ സ്വാമി, ശിവൻ, വിഷ്ണു, ഗണപതി, നാഗരാജാവ്, ഇവയിൽ ശിവന്റെ ചരിത്രം 175 വർഷക്കാലം പഴക്കമുള്ളതാണ്. 1836ൽ നായർ ബ്രിഗേഡിന്റെ ആരുവാമൊഴിയിൽ ( കന്യാകുമാരി ജില്ല) നടന്ന വാർഷിക പ്രകടന സമയത്ത് അവർ ഒരു അരയാൽ മരത്തിന്റെ ചുവട്ടിൽ ഒരു ശിവന്റെ വിഗ്രഹം കണ്ടെത്തി. സൈനികർ അവിടെ ഡ്യൂട്ടിയിലായിരിക്കുമ്പോഴെല്ലാം ഈ വിഗ്രഹത്തെ ആരാധിച്ചുപോന്നു. എ.ഡി 1840 ആയപ്പോഴേക്കും അവർ ഈ വിഗ്രഹം കന്റോൺമെന്റിലെ പട്ടാള ക്യാമ്പിലേക്ക് കൊണ്ടുപോയി.
1940ൽ ഈ ശിവവിഗ്രഹം പാങ്ങോടിലെ അന്നത്തെ വിഷ്ണുവിഗ്രഹത്തിന്റെ അരികിലേക്ക് മാറ്റി. ഹനുമാൻ സ്വാമിയുടെ വിഗ്രഹം കന്റോൺമെന്റിൽ നിന്ന് പാങ്ങോട്ടേക്ക് മാറ്റുന്നതിൽ ജ്യോതിഷ പ്രവചനങ്ങളും നാട്ടുകാരും എതിർത്തിരുന്നു. അതിനാൽ സംസ്ഥാന സേന പാങ്ങോട് ഹനുമാൻ സ്വാമിയുടെ ചിത്രം ശിവവിഗ്രഹത്തിന്റെ അരികിൽ സൂക്ഷിച്ചു. പിന്നീട് നായർ ബ്രിഗേഡിന്റെ സൈനികർ ഫോർട്ട് ഏരിയയിൽ ആരാധിച്ചിരുന്ന ഹനുമാൻ സ്വാമിയുടെ ഒരു വിഗ്രഹം പാങ്ങോട് എത്തിച്ച് പ്രതിഷ്ഠിച്ചു. 1988ൽ ശിവന്റെ പീഠം മാറ്റുന്നതിനൊപ്പം ഗണപതിയുടെയും നാഗങ്ങളുടെയും പ്രതിഷ്ഠയും സ്ഥാപിച്ചു. ഹനുമാൻ സ്വാമി ക്ഷേത്ര സമുച്ചയത്തോട് ചേർന്ന് യുദ്ധ സ്മാരകം സ്ഥാപിച്ച ശേഷം, വിഗ്രഹങ്ങൾ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റാൻ ദേവപ്രശ്നത്തിൽ വിധിച്ചു. തുടർന്ന് 91 ഇൻഫൻട്രി ബ്രിഗേഡിന്റെ പ്രധാന ഗേറ്റിന് പുറത്ത് സ്ഥിതിചെയ്തിരുന്ന ഹനുമാൻ സ്വാമി ക്ഷേത്രം 2011 ജൂലായ് 10ന് തിരുമലപിടിപി നഗർ റോഡിന് അഭിമുഖമായി സ്റ്റേഷൻ വർക്ക് ഷോപ്പ് ഇ.എം.ഇക്ക് സമീപമുള്ള സ്ഥലത്തേക്ക് മാറ്റി.

ക്ഷേത്രത്തിലെ ഉത്സവം
പുനഃപ്രതിഷ്ഠാ വാർഷികോത്സവം എല്ലാ വർഷവും മിഥുനമാസത്തിലെ (ജൂൺ-ജൂലായ്) ചോതി നക്ഷത്തിന് ആഘോഷിക്കും.
ക്ഷേത്രത്തിലെ പ്രധാന വിശേഷങ്ങൾ:- മഹാശിവരാത്രി, ശ്രീരാമ നവമി, വിഷുക്കണി, ശ്രീ വിനായക ചതുർത്ഥി, ശ്രീകൃഷ്ണ ജയന്തി, മഹാനവമി, ആയില്യം ചിറപ്പ്, മണ്ഡലകാലം, തൃക്കാർത്തിക. രാമായണമാസാചരണം.
സഹസ്രകലശ പൂജ എല്ലാ വർഷവും ജൂലായ് -ഓഗസ്റ്റ് (കർക്കിടകം-നവമി), (കർക്കിടകം-ദേശമി) മാസത്തിൽ നടത്തുന്നു.
എല്ലാ വർഷവും ജൂലായ്-ഓഗസ്റ്റ് (കർക്കിടകം-നവമി), (കർക്കിടകം-ദശമി) എന്നീ ദിവസങ്ങളിൽ ലക്ഷാർച്ചന നടത്തുന്നു. ഹനുമാൻ ജയന്തി ഉത്സവം എല്ലാ വർഷവും ഡിസംബർ-ജനുവരി (ധനു-മൂലം) ആഘോഷിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |