
കൊല്ലം: 'ഒന്നിടവിട്ടാണ് കട തുറക്കുന്നത്. ഒരു ദിവസം കൂടി ഉപയോഗിക്കാനുള്ള പാചകവാതകമേ സ്റ്റോക്കുള്ളൂ. അതുകൂടി കഴിഞ്ഞാൽ എന്ത് ചെയ്യണമെന്നറിയില്ല. തട്ടുകടയിൽ നിന്നുള്ള വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം...' ശാസ്താംനടയ്ക്ക് സമീപം തട്ടുകട (ശിവ തട്ടുകട) നടത്തുന്ന ശ്രീലേഖയുടെ വാക്കുകളിൽ ആധി ആളിക്കത്തി!
ഇതേ അവസ്ഥയിലാണ് ജില്ലയിലെ ഓരോ തട്ടുകടകളും. കൈവശമുള്ള ഗ്യാസ് സിലിണ്ടറുകൾ കൊണ്ടാണ് പ്രവർത്തനം. അതുകൂടി കഴിഞ്ഞാൽ പൂട്ടുവീഴും. അഞ്ചാലുംമൂട്, പള്ളിമുക്ക്, കരുനാഗപ്പള്ളി , ആയൂർ, ഓയൂർ തുടങ്ങി ജില്ലയിലെ വിവിധ മേഖലകളിലെ ഒട്ടുമിക്ക തട്ടുകടകളും പൂട്ടി. ബാക്കിയുള്ളവ പൂട്ടലിന്റെ വക്കിലാണ്.
പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമങ്ങളും തട്ടുകട ഉടമകൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി പാതയോരങ്ങളിലെ തട്ടുകടകളിൽ ചിലതിൽ അറക്കപ്പൊടി ഉപയോഗിച്ചുള്ള വിറക് അടുപ്പുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. കുറച്ച് സ്ഥലം കിട്ടിയവർ കല്ല് അടുപ്പുകളും കൂട്ടി. എന്നാൽ വിറക് അടുപ്പിൽ നിന്ന് ഉയരുന്ന പുക കാരണം സമീപത്തെ കടകളിൽ ഉള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ചില കടകളിൽ വിറകടുപ്പ് ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യവുമാണ്.
ചിലർ വീട്ടിൽ നിന്ന് ആഹാരം പാകം ചെയ്ത് കടകളിൽ എത്തിച്ച് വിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയണം. ഡീസൽ പമ്പിംഗ് സ്റ്റൗവ് ഉപയോഗിച്ച് താത്കാലികമായി പിടിച്ചുനിൽക്കാനുള്ള ശ്രമവും ചിലർ നടത്തുന്നുണ്ട്. ഗ്യാസ് അടുപ്പിൽ പാചകം ചെയ്ത് ശീലിച്ചവർക്ക് വിറക് അടുപ്പിൽ പാചകം ചെയ്യാൻ ബുദ്ധിമുട്ടും നേരിടുന്നുണ്ട്. പൊരിപ്പുകടകളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
വിറകിനും വില
വിറക് അടുപ്പുകളുടെ ഉപയോഗം കൂടിയതോടെ വിറക് വിലയും വർദ്ധിച്ചു
ഒരു കെട്ട് വിറകിന് നേരത്തെ 125 രൂപ
ഇപ്പോൾ 300 രൂപ വരെ ഈടാക്കുന്നു
1900 രൂപയ്ക്ക് നൽകുന്ന സിലിണ്ടർ കരിഞ്ചന്തയിൽ 5000 രൂപ വരെ വാങ്ങി വിൽക്കുന്നു
കുടുംബം പോറ്റാൻ ലോട്ടറി വിൽക്കാനോ മറ്റോ ഇറങ്ങേണ്ടി വരുമെന്നാണ് ഭൂരിഭാഗവും
ഇന്ന് കൂടിയേ തുറന്ന് പ്രവർത്തിക്കാൻ കഴിയൂ. അതുകഴിഞ്ഞാൽ പൂട്ടും .അടുത്ത് പെട്രോൾ പമ്പ് ഉള്ളതിനാൽ വിറക് കത്തിച്ച് പാചകം ചെയ്യാൻ പേടിയാണ്. കട എത്രനാൾ പൂട്ടിയിടേണ്ടി വരുമെന്ന് അറിയില്ല.
സക്കീർ, ഫാമിലി തട്ടുകട
(കടപ്പാക്കട ബാലഭവന് സമീപം)
ഗ്യാസ് സിലിണ്ടർ കിട്ടാത്തത് വലിയ പ്രതിസന്ധിയാണ്. വിറക് അടുപ്പിലേക്ക് താത്കാലികമായി മാറിയെങ്കിലും എത്രനാൾ പിടിച്ചുനിൽക്കാൻ കഴിയുമെന്ന് അറിയില്ല. പുകയുടെ പ്രശ്നവും ഉണ്ട്.
സിയാദ് , പ്രവാസി തട്ടുകട, പള്ളിമുക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |