
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചുള്ള പ്രസ്‌താവന നടത്തിയതിൽ വിശദീകരണവുമായി അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ജി സുധാകരൻ. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായാൽ സന്തോഷം. പക്ഷെ മൂന്നാമൂഴം സഫലമാകില്ല എന്നാണ് പറഞ്ഞതെന്ന് സുധാകരൻ വ്യക്തമാക്കി. താൻ അമ്പലപ്പുഴയിലെ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. അതുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ എനിക്കുവേണ്ടി മുന്നോട്ടുവന്നത്. താൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ വിളിക്കുന്നില്ല. തനിക്ക് ഇലക്ഷൻ കമ്മിറ്റിയുമില്ല. തിരഞ്ഞെടുപ്പിലെ അഞ്ച് വർഷത്തെ ഇടവേള ഒരു ഇടവേളയാണോ എന്നും കഴിഞ്ഞതവണ മത്സരിച്ചിരുന്നെങ്കിൽ 50,000 വോട്ടിന് ജയിച്ചേനെ എന്നും സുധാകരൻ പറഞ്ഞു.
എന്റെ പിൻഗാമിയും ജയിച്ചുകഴിഞ്ഞപ്പോൾ എനിക്കെതിരെ പരാതി പറഞ്ഞു.പാർലമെന്ററി വ്യാമോഹമുണ്ടെന്ന സിപിഎം ആരോപണത്തോട് കടുത്ത ഭാഷയിലാണ് ജി സുധാകരൻ മറുപടി നൽകിയത്.'എനിക്ക് പാർലമെന്ററി വ്യാമോഹമുണ്ടെന്ന് പറയുന്നവർക്ക് നാണമുണ്ടോ? ആറാം തവണയാണ് ആരിഫ് തുടർച്ചയായി മത്സരിക്കുന്നത്. സജി ചെറിയാനും യു പ്രതിഭയും മൂന്ന് തവണ, വാസവനും മൂന്നാം തവണയാണ്. അതൊന്നും പാർലമെന്ററി വ്യാമോഹമല്ലേ? പാർലമെന്ററി വ്യാമോഹമില്ലാത്തവരാണോ വീണ്ടും മത്സരിക്കുന്നത്? അവർ കണ്ണടച്ചിരിക്കുകയാണോ?'- അദ്ദേഹം പരിഹസിച്ചു. എകെജി മരിക്കുന്നതുവരെ എംപിയായിരുന്നു എന്ന് ഇവർക്കറിയാമോ എന്നും അദ്ദേഹം ചോദിച്ചു.
'കഴിഞ്ഞദിവസം പ്രാദേശിക കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി സ്വീകരണം നൽകി. യുഡിഎഫ് സീറ്റൊഴിച്ചിട്ടത് അവരുടെ ഉത്തരവാദിത്വമാണ്. ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രചരണം ആരംഭിക്കും. ഏത് രാഷ്‌ട്രീയ പാർട്ടികൾക്കും സഹായിക്കാൻ മുന്നോട്ടുവരാം. അമ്പലപ്പുഴയിൽ മാത്രം പ്രസംഗിക്കണമെന്നേ കരുതിയുള്ളൂ. എന്നാൽ മന്ത്രി പി പ്രസാദിനെതിരെ ചേർത്തലയിൽ പ്രചരണത്തിൽ പ്രസംഗിക്കും. സിപിഐയിൽ ഒരാൾ മാത്രമേ എനിക്കെതിരെ പറഞ്ഞുള്ളൂ. പി പ്രസാദ് എന്തിനാണ് കമ്മ്യൂണിസം പഠിപ്പിക്കാൻ വരുന്നത്. പൊളിറ്റിക്കൽ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കാൻ മാന്യനാകാൻ ശ്രമിക്കുകയാണ്. അമ്പലപ്പുഴയിൽ നൂറിലേറെ ഇടങ്ങളിൽ പോയി പ്രസംഗിക്കും' സുധാകരൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |