
കൊച്ചി: കോൺഗ്രസ് സ്ഥാനാർത്ഥിപട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ എൽദോസ് കുന്നപ്പിള്ളി അതൃപ്‌തി തുടരുന്നതിനിടെ പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായി പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടൻ. ഇന്നലെ രാത്രി സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവന്നതിനുശേഷമുള്ള ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് വളരെ അനുകൂലമായ പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് മനോജ് മൂത്തേടൻ പറഞ്ഞു. എൽദോസുമായി തനിക്ക് നല്ല സൗഹൃദമാണുള്ളതെന്നും യാതൊരുവിധ അതൃപ്‌തിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ അനുനയനീക്കവുമായി ചെന്ന മനോജ് മൂത്തേടനെ കാണാൻ എൽദോസ് തയ്യാറായില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇതുസംബന്ധിച്ചുള്ള മാദ്ധ്യമപ്രവത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മനോജ് മൂത്തേടൻ.
'സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെതന്നെ എൽദോസിനെ വിളിച്ചിരുന്നെങ്കിലും കിട്ടിയില്ല. ഞാൻ നേരെ വീട്ടിലേക്ക് ചെന്നു. പക്ഷേ അതിനുമുൻപ് തന്നെ അദ്ദേഹം ഭക്ഷണം കഴിക്കുന്നതിനായി പോയിരുന്നു. ഞാൻ ചെല്ലുന്ന കാര്യം അറിഞ്ഞിരുന്നില്ല. അല്ലാതെ എനിക്ക് മുഖം തരാതെ പോയതല്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. 1996 മുതലുള്ള സൗഹൃദമാണ് ഞാനും എൽദോസും തമ്മിലുള്ളത്. നാലഞ്ച് ദിവസം മുൻപ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളിൽ എൽദോസുമായി സംസാരിച്ചിരുന്നു. ഞങ്ങൾ തമ്മിൽ വ്യക്തിപരമായി യാതൊരു അതൃപ്‌തിയുമില്ല. സ്ഥാനാർത്ഥിത്വം സംബന്ധിച്ച കൺഫ്യൂഷൻ മൂലമുണ്ടായ അതൃപ്‌തിയാണ്. അക്കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.'- മനോജ് മൂത്തേടൻ പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളിയുടെ അടുത്തനീക്കം എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അടുപ്പമുള്ള പ്രവർത്തകരുമായി സംസാരിച്ചശേഷം മത്സരിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. കടുത്ത തീരുമാനത്തിലേക്ക് എൽദോസ് കടക്കില്ലെന്ന വിശ്വാസത്തിലാണ് മുതിർന്ന നേതാക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |