
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുന്ന ജി.സുധാകരനെതിരെ ശക്തമായ പ്രചാരണം നടത്താൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം. പാർട്ടിക്കും നേതാക്കൾക്കുമെതിരെ സുധാകരൻ ഉന്നയിച്ച വിഷയങ്ങളിൽ, ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ ഉൾപ്പെടെ രംഗത്തിറക്കി വിശദീകരണം നൽകും.
സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ജനറൽബോഡി യോഗങ്ങൾക്കു പുറമേ സംസ്ഥാന, ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് പൊതുയോഗങ്ങൾ നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടറിയെയും പങ്കെടുപ്പിക്കും. ജി.സുധാകരൻ പാർട്ടിയെ ചതിച്ചെന്നാകും പ്രചാരണം.
സുധാകരനെ പിന്തുണയ്ക്കുകയോ അദ്ദേഹത്തിനുവേണ്ടി പ്രവർത്തിക്കുകയോ ചെയ്യുന്നവരെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കും. നേരത്തെ പാർട്ടി യോഗങ്ങളിൽ ജി.സുധാകരന്റെ വിഷയം ഉന്നയിച്ചിരുന്ന സെക്രട്ടേറിയറ്റംഗങ്ങൾ പാർട്ടി വിട്ടതോടെ അദ്ദേഹത്തിനുവേണ്ടി സംസാരിക്കാൻ ഒരുമ്പെട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ആലുവയിൽ സ്ഥാനാർത്ഥിയാകുന്ന എ.എം.ആരിഫിന് പകരം പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം വി.ജി.മോഹനനെ ചേർത്തലയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയാക്കും. മന്ത്രി സജി ചെറിയാൻ, കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പാർട്ടിയെ ചതിച്ചു:
സജി ചെറിയാൻ
അമ്പലപ്പുഴയിൽ മത്സരിക്കുന്നതിൽ ജി. സുധാകരന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പാർട്ടിയെ ചതിച്ചെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം മന്ത്രി സജി ചെറിയാൻ. ചതിച്ചെന്ന് അദ്ദേഹത്തിന് തോന്നിയില്ലെങ്കിൽ രാഷ്ട്രീയമായ അധഃപതനമാണെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത സുധാകരന്റെ തീരുമാനം ആത്മഹത്യാപരമാണ്. ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല.
ആ പ്രയാസമാണ് ഞങ്ങൾ പ്രകടിപ്പിക്കുന്നത്. താൻ മന്ത്രിയും എം.എൽ.എയുമായി,ഒരുഘട്ടം കഴിഞ്ഞാൽ സ്ഥാനമാനങ്ങൾക്കുവേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുക്കില്ല. എന്താണ് സംഭവിച്ചതെന്ന് ജനങ്ങളോട് പറയും. കോൺഗ്രസിന്റെ കള്ളക്കളി നേരത്തെ ഉണ്ടാക്കിയ അജൻഡയാണ്. ഏതെങ്കിലും കാര്യത്തിൽ പാർട്ടി അവഗണിച്ചെന്ന് കാണിച്ച് ഒരുകത്തുപോലും സുധാകരൻ നൽകിയിട്ടില്ല. അമ്പലപ്പുഴയിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. ചെങ്ങന്നൂർ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ബി.ജെ.പിയുമായി നീക്കുപോക്ക് നടത്തേണ്ട കാര്യം സി.പി.എമ്മിനില്ല. വസ്തുത പരിശോധിക്കാതെയുള്ള സുധാകരന്റെ ആരോപണത്തിന് വ്യക്തിപരമായ അഭിപ്രായം പറയില്ല. അത്തരം കാര്യങ്ങളിൽ രാഷ്ട്രീയമായ നിലപാട് സ്വീകരിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.
എം.എൽ.എ ആയപ്പോഴാണോ
കമ്മ്യൂണിസ്റ്റല്ലാതായത്: എച്ച്. സലാം
മുൻ മന്ത്രി ജി. സുധാകരന് താൻ കമ്മ്യൂണിസ്റ്റല്ലാതായത് എം.എൽ.എ ആയതോടെയാണെന്ന് എച്ച്. സലാം എം.എൽ.എ. താൻ കമ്മ്യൂണിസ്റ്റ് അല്ലായിരുന്നെങ്കിൽ സുധാകരൻ ഇലക്ഷൻ സെക്രട്ടറിയാകുമായിരുന്നോ. സുധാകരന്റെ രണ്ട് തിരഞ്ഞെടുപ്പുകളിൽ പ്രധാന ചുമതല എനിക്കായിരുന്നു. അന്ന് സുധാകരന് താൻ ഉത്തമനായ കമ്യൂണിസ്റ്റായിരുന്നു. സുധാകരനെതിരെ പോസ്റ്റർ ഒട്ടിക്കാനോ ബാനർ വയ്ക്കാനോ പോയിട്ടില്ല. തിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്റെ വികസനമാണ് ചർച്ച ചെയ്യപ്പെടുക. അമ്പലപ്പുഴയിൽ പോരാട്ടം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. സുധാകരന്റെ ആരോപണങ്ങൾക്ക് രാഷ്ട്രീയ അടിത്തറയില്ലെന്നും സലാം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |