SignIn
Kerala Kaumudi Online
Tuesday, 21 April 2026 9.27 PM IST

ജി.സുധാകരനെതിരെ അമ്പലപ്പുഴയിൽ സി.പി.എം പ്രകടനം

Increase Font Size Decrease Font Size Print Page
k

ആലപ്പുഴ : പാർട്ടി ബന്ധം അവസാനിപ്പിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ജി.സുധാകരനതിരെ സി.പി.എം അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തി. പുന്നപ്ര പറവൂരിലെ വി.എസ്.അച്യുതാനന്ദന്റെ വസതിക്ക് മുന്നിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

ദേശീയ പാത വഴി വി.എസ് അച്യുതാനന്ദൻ സ്മാരക ഗവ സ്കുളിന് സമീപം സമാപിച്ച പ്രകടനത്തിന് ശേഷം നടന്ന രാഷ്ട്രീയ വിശദീകരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി മോഹം ജി.സുധാകരനെ കീഴ്പ്പെടുത്തിയിരിക്കുകയാണെന്ന് നാസർ കുറ്റപ്പെടുത്തി. സുധാകരൻ അംഗത്വം പുതുക്കാതിരുന്നത് നന്നായി. പുതുക്കിയിരുന്നെങ്കിൽ തനിക്ക് ജോലി കൂടുമായിരുന്നു. അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നേനെ. 80 വയസു വരെ പാർട്ടി ആനുകൂല്യം നേടിയയാൾ ഇപ്പോൾ പാർട്ടി സ്ഥാനാർത്ഥിയെ വെല്ലുവിളിക്കുന്നു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഒപ്പം ചേർത്തുനിറുത്തി. മൂന്ന് തവണയും സുധാകരൻ അമ്പലപ്പുഴയിൽ ജയിച്ചത് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ചപ്പോഴാണ്. കുടയും ചിഹ്നവും കോപ്പുമായി ഇങ്ങോട്ടു വാ. ജനങ്ങൾ വോട്ടു ചെയ്യുമെന്നും നാസർ പരിഹസിച്ചു.

വി.എസിനെ ഡ്രാക്കുളയെന്നു വിളിച്ച നാവിൽ നിന്നു തന്നെ പൊളിറ്റിക്കൽ ക്രിമിനലെന്ന് പറഞ്ഞതിൽ ഞെട്ടലില്ലെന്ന് എച്ച്.സലാം എം.എൽ.എ പറഞ്ഞു. സുധാകരനെതിരെ സൈബർ ആക്രമണം നടത്തണമെന്ന് ഒരു നേതാക്കളും അണികളോട് പറഞ്ഞിട്ടില്ല. എല്ലാം അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്. പ്രസ്ഥാനത്തെ ഒറ്റു കൊടുക്കുന്നവർക്കൊപ്പമാവില്ല നാടെന്നും സലാം പറഞ്ഞു. എല്ലാത്തിനും മീതെയാണ് പാർട്ടിയെന്ന് പഠിപ്പിച്ച ജി.സുധാകരന് ശത്രു പാളയത്തിലെത്താൻ എങ്ങനെ സാധിച്ചുവെന്ന് മനസിലാകുന്നില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത പറഞ്ഞു.

'സഖാവ് ' വേണ്ട

പ്രസംഗത്തിൽ ജി.സുധാകരനെ ജില്ലാ സെക്രട്ടറി ആർ.നാസർ സഖാവ് എന്ന് അഭിസംബോധന ചെയ്തതിനെ സദസ്സിൽ മുൻനിരയിലിരുന്ന സ്ത്രീകൾ എതിർത്തു.

സഖാവെന്ന് വിളിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. താൻ ശീലിച്ചു പോയത് വിളിച്ചതാണെന്നായിരുന്നു നാസറിന്റെ മറുപടി. പ്രസംഗങ്ങളിലും മുദ്രാവാക്യം വിളികളിലും പ്രവർത്തകർ ജി.സുധാകരനെ കടന്നാക്രമിച്ചു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.