മലപ്പുറം: ജില്ലയിലെ ലീഗിന്റെ പൊന്നാപുരം കോട്ട ഏതെന്ന ചോദ്യത്തിന് നിയമസഭ തിരഞ്ഞെടുപ്പുകൾ നൽകുന്ന ഉത്തരം മലപ്പുറം നിയോജക മണ്ഡലം എന്നാണ്. 1957ൽ മണ്ഡലം രൂപീകരിച്ചത് മുതൽ ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളിലും പാറിയത് ഹരിത പതാകയാണ്. മണ്ഡലം രൂപീകരണ ശേഷം ഒരുപാർട്ടി മാത്രം വിജയിക്കുന്ന അപൂർവ്വം മണ്ഡലമെന്ന പ്രത്യേകത കൂടിയുണ്ട് മലപ്പുറത്തിന്. നിലവിൽ തുടർച്ചയായി മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് മുസ്ലിം ലീഗിന്റെ പി.ഉബൈദുള്ളയാണ്. 2011ലെ കന്നിയങ്കത്തിൽ തന്നെ സംസ്ഥാനത്തെ അന്നത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായ 44,508 വോട്ട് നേടിയായിരുന്നു ഉബൈദുള്ളയുടെ വിജയം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് ജെ.ഡി.എസിലെ മഠത്തിൽ സാദിഖലി ആയിരുന്നു. ഉബൈദുള്ള നേടിയതിന്റെ പകുതി വോട്ടുകളെ സാദിഖലിയ്ക്ക് നേടാനായുള്ളൂ. ഉബൈദുള്ളയ്ക്ക് 77,928 വോട്ടും (63.75%), സാദിഖലിക്ക് 33,420 (27.34%) വോട്ടുമാണ് ലഭിച്ചത്. 2021ലെ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായ പാലോളി അബ്ദുറഹ്മാന് വോട്ടുനില മെച്ചപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഉബൈദുള്ളയുടെ മൂന്നാം പ്രയാണത്തെ തടസ്സമുണ്ടാക്കാനായില്ല. 35,208 വോട്ടിനായിരുന്നു യു.ഡി.എഫിന്റെ വിജയം.
മലപ്പുറത്തിന്റെ ഏറെക്കാലത്തെ അഭിലാഷമായിരുന്ന കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ നവീകരണമടക്കം ശ്രദ്ധേയമായ നിരവധി പദ്ധതികൾ നടപ്പാക്കാൻ പി.ഉബൈദുള്ള എം.എൽ.എയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ കൂടി കരുത്തിലാണ് യു.ഡി.എഫ് വീണ്ടും ജനവിധി തേടാൻ ഇറങ്ങുന്നത്. എം.എൽ.എമാർക്കുള്ള മൂന്ന് ടേം വ്യവസ്ഥ കർശനമായി നടപ്പാക്കിയാൽ പി.ഉബൈദുള്ളയ്ക്ക് സ്ഥാനമാറ്റമുണ്ടായേക്കും. എം.എൽ.എ എന്ന നിലയിലെ മികച്ച പ്രകടനവും ജനകീയതയും നാലാം അവസരത്തിന് പരിഗണിക്കപ്പെടുമോ എന്നത് കണ്ടറിയേണ്ടതാണ്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മലപ്പുറം നഗരസഭ അദ്ധ്യക്ഷനുമായ മുജീബ് കാടേരി എന്നിവരുടെ പേരുകളും മലപ്പുറത്തേക്ക് പരിഗണിക്കുന്നുണ്ട്. വേങ്ങരയിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ പാർട്ടി തള്ളിയിട്ടുണ്ട്.
മലപ്പുറം നഗരസഭയും ആനക്കയം, കോഡൂർ, പുൽപ്പറ്റ, പൂക്കോട്ടൂർ, മൊറയൂർ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് മലപ്പുറം മണ്ഡലം. ആറിടത്തും ഭരിക്കുന്നത് യു.ഡി.എഫാണ്. തദ്ദേശ സ്ഥാപനങ്ങളിലെ 160 വാർഡുകളിൽ 140 ഇടത്തും യു.ഡി.എഫാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ 41,838 വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുള്ളത്.
പ്രമുഖരുടെ മണ്ഡലം
മുസ്ലിം ലീഗിന്റെ ഏക മുഖ്യമന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയ മത്സരിച്ച മണ്ഡലമാണ് മലപ്പുറം. 1977 മുതൽ 1980 വരെയാണ് അദ്ദേഹം മലപ്പുറത്തെ പ്രതിനിധീകരിച്ചത്. സി.എച്ചിന്റെ മകൻ എം.കെ. മുനീർ രണ്ട് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചെന്ന പ്രത്യേകതയുമുണ്ട്. 1996 മുതൽ 2006 വരെ എം.കെ. മുനീറായിരുന്നു എം.എൽ.എ. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നിയമസഭ രാഷ്ട്രീയത്തിന് തുടക്കമിട്ട മണ്ണും മലപ്പുറമാണ്. മലപ്പുറം നഗരസഭ ചെയർമാനായ ശേഷമാണ് ഈ കടന്നുവരവ്. 1982 മുതൽ 1991 വരെ മണ്ഡലത്തെ പി.കെ.കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിച്ചു. രണ്ടുതവണ മന്ത്രിയായ യു.എ.ബീരാൻ, കെ.ഹസ്സൻ ഗനി, യൂനുസ് കുഞ്ഞ് ഉൾപ്പെടെ ലീഗിന്റെ പ്രധാന നേതാക്കൾ വിജയിച്ച മണ്ഡലമാണിത്. എം.ഉമ്മറിന്റെ പിൻഗാമിയായാണ് 2006ൽ പി.ഉബൈദുള്ള എം.എൽ.എയുടെ കടന്നുവരവ്. കഴിഞ്ഞ തവണ കുറഞ്ഞ വോട്ട് വിഹിതം ഇത്തവണ തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. 2016ൽ കെ.എൻ.ബാദുഷ തങ്ങൾ 7,211 വോട്ടുകൾ നേടിയപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 5,883 വോട്ടുകളെ നേടാനേ അരീക്കാട് സേതുമാധവന് ലഭിച്ചുള്ളൂ.
2021 നിയമസഭ
പി.ഉബൈദുള്ള(ലീഗ്) -93,166
പാലോളി അബ്ദുറഹിമാൻ(സി.പി.എം) -57,958
അരീക്കാട് സേതുമാധവൻ (ബി.ജെ.പി) - 5,883
ഭൂരിപക്ഷം 35,208
2025 തദ്ദേശ തിരഞ്ഞെടുപ്പ്
യു.ഡി.എഫ് - 1,10,923
എൽ.ഡി.എഫ് -69,085
എൻ.ഡി.എ - 2.045
ഭൂരിപക്ഷം - 41,838
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |