
പി. ജയരാജനെ ഒതുക്കി
ശൈലജയെ നാടുകടത്തി
കണ്ണൂർ: ആന്തൂരിൽ സംരംഭകൻ സാജന്റെ മരണത്തിന് ഉത്തരവാദി അന്ന് തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സണായിരുന്ന പി.കെ. ശ്യാമളയാണെന്ന ആരാേപണവും പാർട്ടി വിട്ട ടി.കെ. ഗോവിന്ദൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ ഉയർത്തി.
ചെയർപേഴ്സന്റെ കസേരയിൽ ഇരിക്കുന്ന കാലത്തോളം സാജന്റെ സംരംഭത്തിന് അനുമതി കൊടുക്കില്ലെന്നാണ് ശ്യാമള സാജനോട് പറഞ്ഞത്.
പാർട്ടി വിശദീകരണ യോഗം വിളിച്ചെങ്കിലും ജനരോഷം പ്രകടമായിരുന്നു. ശ്യാമളയെ ന്യായീകരിക്കാൻ സാധിക്കില്ലായിരുന്നു. ശക്തമായ നടപടി ഉണ്ടാകുമെന്ന് പറഞ്ഞാണ് ജനങ്ങളെ ആശ്വസിപ്പിച്ചത്.
പൊലീസ് അന്വേഷണത്തിൽ ശ്യാമള കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി. മുനിസിപ്പാലിറ്റിയിൽ നിന്ന് ചില രേഖകൾ കാണാതായെന്ന് പിന്നീട് കണ്ടെത്തി.
സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ശ്യാമളയ്‌ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നല്‍കിയതിന്റെ പേരിൽ അന്നത്തെ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കം എം.വി. ഗോവിന്ദന്റെ നോട്ടപ്പുള്ളികളായെന്ന് ടി.കെ. ഗോവിന്ദൻ ആരോപിച്ചു. ജയരാജനെ വടകരയിൽ മത്സരിപ്പിച്ച് തോൽപ്പിച്ചതിന് ശേഷം ജില്ലാ സെക്രട്ടറി സ്ഥാനത്ത് തിരിച്ചെടുത്തില്ല. കെ.കെ. ശൈലജയെ മട്ടന്നൂർ ഒഴിവാക്കി പേരാവൂരിലേക്ക് അയച്ചതും ഒതുക്കലിന്റെ ഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശൈലജയെ നാടുകടത്തുകയും ഭാര്യ തളിപ്പറമ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിലെ നീതി എന്താണെന്നും സഖാവ് പിണറായി വിജയൻ ഇതിന് കൂട്ടുനില്‍ക്കുന്നതെങ്ങനെ എന്ന് മനസ്സിലാകുന്നില്ലെന്നും ടി.കെ. ഗോവിന്ദന്‍ പറഞ്ഞു.
യു.ഡി.എഫ് പിന്തുണ
സ്വീകരിക്കും
കോൺഗ്രസ് ഉൾപ്പെടെ ആരുമായും ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും യു.ഡി.എഫ് പിന്തുണ ലഭിച്ചാൽ സ്വീകരിക്കുമെന്നും ടി.കെ. ഗോവിന്ദൻ അറിയിച്ചു. വർഗീയ ശക്തികളുടെ പിന്തുണ സ്വീകരിക്കില്ല. ജനങ്ങൾ പാർട്ടിയെ തിരുത്തട്ടെ എന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ് ടി.കെ. ഗോവിന്ദൻ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ടി.കെ. ഗോവിന്ദനുമായി ചർച്ച നടത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |