
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനും മുഖ്യമന്ത്രി പിണറായി വിജയനും വിജയാശംസകൾ നേർന്ന് ചലച്ചിത്ര താരം കമലഹാസൻ. സഖാവ് വിജയൻ ജയിക്കട്ടെ, കേരളവും വിജയിക്കും. ഇതാണ് എന്റെ അഭിപ്രായമെന്നാണ് കമൽ ഹാസൻ എക്സിൽ പോസ്റ്റുചെയ്ത കുറിപ്പിൽ ആശംസിക്കുന്നത്. മക്കൾ നീതി മയ്യം നേതാവായ കമലഹാസൻ നിലവിൽ രാജ്യസഭാഗം കൂടിയാണ്.
'സഖാവ് പിണറായി വിജയന് വിജയം ആംശംസിക്കുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംസകൾ നേരുന്നു. എല്ലാത്തിലും ഉപരിയായി കേരളം എന്റെ നാടുകൂടിയാണ്. ചിലയാളുകളുടെ മനസിൽ ഞാൻ പുറത്തുനിന്നുള്ള ഒരാളാണെന്ന് തോന്നലുണ്ടായാൽപ്പോലും കേരളവുമായി എന്നും ഞാൻ വൈകാരികമായ അടുപ്പം പുലർത്താറുണ്ട്. അതിനാൽ കഴിഞ്ഞ പത്തുവർഷത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനും കേരളത്തിലെ ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം. സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇതാണ് എന്റെ അഭിപ്രായം'- കുറിപ്പിൽ കമലഹാസൻ പറഞ്ഞു.
ഇടതുപക്ഷവുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും എന്നും നല്ല അടുപ്പം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് കമലഹാസൻ.തിരുവനന്തപുരത്ത്, പിണറായി ദി ലെജൻഡ് എന്ന ഡോക്യമെന്ററിയുടെ പ്രദർശനത്തിന് അതിഥിയായി എത്തിയത് കമലഹാസനായിരുന്നു. ചടങ്ങിൽ മുഖ്യമന്ത്രി അദ്ദേഹത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു. ഇടതുപക്ഷ ചിന്താഗതിയുള്ള വ്യക്തി, സിനിമാതാരം എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള ജീവിതം നയിച്ച വ്യക്തി എന്നൊക്കെയാണ് കമലഹാസനെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞത്. കമലഹാസനെതിരെ ഹിന്ദുമഹാ സഭ ഭീഷണി മുഴക്കിയപ്പോൾ അതിനെ ശക്തമായ ഭാഷയിലാണ് പിണറായി വിജയൻ വിമർശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |