
തൃശൂർ: സി.പി.ഐ വിട്ട സി.സി.മുകുന്ദൻ എം.എൽ.എ ബി.ജെ.പിയിൽ. ഇന്നലെ തൃശൂർ ബി.ജെ.പി ഓഫീസിലെത്തിയ മുകുന്ദനെ എൻ.ഡി.എ സംസ്ഥാന വൈസ് ചെയർമാൻ എ.എൻ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. നാട്ടികയിൽ സ്ഥാനാർത്ഥിയായി മത്സരിക്കും. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും.
നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് സിറ്റിഗ് എം.എൽ.എയായിരുന്ന മുകുന്ദൻ സി.പി.ഐ വിട്ടത്. ഗീതാ ഗോപിക്ക് നൽകിയത് പേയ്‌മെന്റ് സീറ്റാണെന്ന ആരോപണവും ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഗീതാ ഗോപി മാനനഷ്ടത്തിന് നോട്ടീസയച്ചിട്ടുണ്ട്.
ഡൽഹിയിലെത്തിയ മുകുന്ദൻ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയായി സുനിൽ ലാലൂരിനെ മത്സരിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചതോടെ മുകുന്ദൻ ബി.ജെ.പിയിൽ ചേരുകയായിരുന്നു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞതിനാലാണ് കോൺഗ്രസിൽ ചേരാതിരുന്നതെന്നാണ് മുകുന്ദന്റെ വിശദീകരണം. മുകുന്ദൻ സ്വതന്ത്രനായി മത്സരിച്ചാൽ ഇടതു വോട്ടുകൾ കൂടി നേടി വിജയിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. ബി.ജെ.പിയിൽ ചേർന്ന മുകുന്ദൻ താമര ചിഹ്നത്തിൽ മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28,431 വോട്ടുകൾക്കാണ് കോൺഗ്രസിലെ സുനിൽ ലാലൂരിനെ മുകുന്ദൻ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ചത് 33,716 വോട്ടുകളാണ്.
ഞാൻ എം.എൽ.എയായപ്പോൾ തന്നെ പാർട്ടിക്ക് വേണ്ടി പണമുണ്ടാക്കണമെന്ന് പറഞ്ഞിരുന്നു. അതിന് തയ്യാറായില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞുവെന്നും ചെയ്തുവെന്നുമൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ പറയും- മുകുന്ദൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |