
പൂക്കോട്ടുംപാടം: ചായയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കരുളായിയിൽ ഭർതൃമാതാവ് യുവതിയെ മക്കളുടെ മുന്നിൽ വച്ച് വെട്ടിക്കൊന്നു. നിലമ്പൂർ കരുളായി ചെട്ടികുണ്ടുങ്ങൽ പുളിക്കത്തടത്തിൽ സുനിൽബാബുവിന്റെ ഭാര്യ രജിലയെയാണ് (30) ഭർതൃമാതാവായ ശാന്ത(72) വെട്ടിക്കൊന്നത്. യുവതിയുടെ കുട്ടികളുടെ മുന്നിൽവച്ചാണ് അഞ്ചുതവണ വെട്ടി കൊലപ്പെടുത്തിയത്.
ഇന്നലെ രാവിലെ 6.30-ഓടെയായിരുന്നു സംഭവം. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ യുവതിയെ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂക്കോട്ടുംപാടം സി.ഐ സുനിൽരാജിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് ശാന്തയെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.
ചായയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ശാന്ത മൊഴി നൽകി. പ്രമേഹരോഗിയായ ശാന്ത രാവിലെ ചായ ഉണ്ടാക്കാൻ ഗ്യാസ് അടുപ്പിൽ വെള്ളം വച്ചിരുന്നു. ഇത് തിളയ്ക്കുന്നതിനിടെ രജില വെള്ളമെടുത്ത് കളഞ്ഞെന്നാണ് മൊഴി. ശേഷം രജില കിടപ്പുമുറിയിലേക്ക് പോയി. തുടർന്ന് ശാന്ത വെട്ടുകത്തിയുമായി ചെന്ന് രജിലയെ വെട്ടുകയായിരുന്നു. കഴുത്തിൽ വെട്ടേറ്റ രജില ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തുടർച്ചയായുള്ള വെട്ടിനെ തുടർന്ന് നിലത്ത് വീഴുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറും ടാപ്പിംഗ് തൊഴിലാളിയുമായ സുനിൽ ബാബു നിലമ്പൂർ റെയിൽവെ സ്റ്റേഷനിലേക്ക് ഓട്ടം പോയ സമയത്തായിരുന്നു സംഭവം. ശാന്തയും രജിലയും തമ്മിൽ ഇടയ്ക്കിടെ വഴക്ക് ഉണ്ടാവാറുണ്ട്. പ്രതിയെ കരുളായി ചെട്ടികുണ്ടുങ്ങലിലെ വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മക്കൾ: തീർത്ഥ, ഋഷിക. സംസ്കാരം ഇന്ന് രാവിലെ രജിലയുടെ വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
എറണാകുളം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ വിനോദ് ടൗൺ ഹാളിൽ നിന്നും വാഹന പ്രചാരണം ആരംഭിച്ചപ്പോൾ