
കൊച്ചി: പോണേക്കരയിൽ സി.പി.എം നേതാവിന്റെ മകനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ തൃശൂരിലെ ഗുണ്ടാസംഘത്തിൽപ്പെട്ട പതിനെട്ടുകാരനെ എളമക്കര പൊലീസ് അറസ്റ്റുചെയ്തു. അക്രിമകൾക്കൊപ്പം കാറിലെത്തിയ പാലക്കാട് പാണിയംകുരിശ് വടക്കേക്കരവീട്ടിൽ മുഹമ്മദ് ഷമിലാണ് പിടിയിലായത്. മുഖ്യപ്രതിയായ ഗുണ്ടാത്തലവനുവേണ്ടി കർണാടകയിൽ കുടക്, കൂർഗ് മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപകമാക്കി.
കളമശേരി നഗരസഭാ കൗൺസിലറായിരുന്ന വി.എൻ. ദിലീപന്റെ മകൻ ചങ്ങമ്പുഴനഗർ വെളിപ്പറമ്പിൽവീട്ടിൽ ദിനു വി. ദിലീപിനാണ് (27) ഈ മാസം ആദ്യം കുത്തേറ്റത്. പോണേക്കര സെന്റ് സേവ്യേഴ്സ് പള്ളിക്ക് സമീപത്തെ ദിനുവിന്റെ സുഹൃത്ത് അനൂപിന്റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. രാത്രി വീട്ടിൽ അനൂപിനൊപ്പം ഉണ്ടായിരുന്ന ആളും ദിനുവും തമ്മിലുണ്ടായ വാക്കേറ്റമാണ് ഗുണ്ടാആക്രമണത്തിൽ കലാശിച്ചത്. അനൂപിന് ഒപ്പമുണ്ടായിരുന്ന ആൾ വിളിച്ചതുപ്രകാരം കാറിലെത്തിയ ഗുണ്ടാസംഘം ദിനുവിനെയും ബന്ധു ശരത്തിനെയും ആദ്യം കാറിടിപ്പിച്ച് വീഴ്ത്താൻ ശ്രമിച്ചു. ഇത് വിഫലമായപ്പോഴാണ് മർദ്ദിച്ച് നിലത്തിട്ടശേഷം കുത്തിപ്പരിക്കേൽപ്പിച്ചത്.
മുഖ്യപ്രതി തൃശൂർ പൊലീസ് കാപ്പചുമത്തിയ സ്ഥിരം കുറ്റവാളിയാണ്. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷമിൽ നാലാംപ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി കാക്കനാട് ബോർസ്റ്റൽ സ്കൂളിൽ റിമാൻഡ് ചെയ്തു. കേസിൽ ഒരാൾകൂടി കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. വധശ്രമത്തിനാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |