
തിരുവനന്തപുരം: കഞ്ചാവ് കേസിൽ ചെന്നൈയിൽ നിന്ന് പിടികൂടിയ പ്രതിയെ തിരുവനന്തപുരത്തെത്തിച്ചു.തിരുമല സ്വദേശി ഹരികൃഷ്ണനെയാണ് (33) തിരുവനന്തപുരത്ത് എത്തിച്ച് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.തുടർന്ന് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.325 കിലോ കഞ്ചാവ് പാപ്പനംകോട് നിന്ന് പിടിച്ച കേസിലെ പ്രധാന പ്രതിയാണ് ഹരികൃഷ്ണൻ.
സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതി വിശാഖപട്ടണത്ത് ഒളിവിൽ കഴിയുകയായിരുന്നു.ഇവിടെ നിന്ന് പൂനെ വഴി ഹിമാചൽ പ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.ചെന്നൈ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നേമം പൊലീസാണ് പ്രതിയെ പിടികൂടിയത്.
സുഹൃത്തുക്കളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ നീക്കങ്ങൾ വ്യക്തമായത്. തുടർന്ന് നേമം പൊലീസ് ചെന്നെയിലേക്ക് തിരിച്ചു.എസ്.ഐ സന്തോഷ് കുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനീത്,വിജി,സജീവ്,സിവിൽ പൊലീസ് ഓഫീസർമാരായ വിവേക്,അജു എന്നിവരടങ്ങുന്ന സംഘമാണ് ചെന്നെയിലേക്ക് പോയത്.പ്രതിയെ സാഹസികമായാണ് പിടികൂടിയത്.
ഇതിന് മുൻപ് 400 കിലോ കഞ്ചാവുമായി ഹരികൃഷ്ണനെ പിടികൂടിയിട്ടുണ്ട്.ഇയാൾക്കെതിരെ നിരവധി ലഹരിമരുന്ന് കേസുകൾ കേരളത്തിലും കർണാടകയിലുമുണ്ട്.ഹരികൃഷ്ണന്റെ കൂട്ടാളിയായ പൂജപ്പുര സ്വദേശി അലനെ 240 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഒറീസ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പാപ്പനംകോട് നിന്ന് ഹരികൃഷ്ണന്റെ സുഹൃത്തുക്കളായ അഫ്സൽ,വരുൺ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.റിമാൻഡിലായിരുന്ന ഇവരെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങി.ഹരികൃഷ്ണനെ കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |