
കൊച്ചി: സ്വർണമെന്ന വ്യാജേന ബാങ്കിൽ മുക്കുപണ്ടത്തിന്റെ 29 വളകൾ പണയം വച്ച് 33.27 ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് പണം കൈപ്പറ്റിയ കൊച്ചി സ്വദേശികളായ രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു. തട്ടിപ്പിൽ കൂടുതൽ കണ്ണികളുണ്ടെന്നാണ് സൂചന.
മലപ്പുറം നിലമ്പൂർ മമ്പാട് തണ്ടുപറയ്‌ക്കൽ വീട്ടിൽ ടി.പി. നാസറിനെ (61) യാണ് തൃക്കാക്കര എസ്.ഐ വി.ബി. അനസും സംഘവും പിടികൂടിയത്. തൃക്കാക്കര വില്ലേജ് ഓഫീസിന് സമീപത്തെ കാത്തലിക്ക് സിറിയൻ ബാങ്ക് ശാഖയിൽ നിന്നാണ് രണ്ട് തവണയായി പണം തട്ടിയത്. മാർച്ച് 13ന് 12 വളകളും 16ന് 17 വളകളും പണയപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. ഇയാളുടെ ബന്ധുവും തൃക്കാക്കര സ്വദേശിയുമായ ഫയാസാണ് ബാങ്ക് അധികൃതർക്ക് നാസറിനെ പരിചയപ്പെടുത്തിയത്. രണ്ടാം വട്ടം പണം വാങ്ങി പോയ ശേഷം ബാങ്ക് നടത്തിയ വിദഗ്‌ദ്ധ പരിശോധനയിൽ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ് ബാങ്ക് മാനേജർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
പണം ഫയാസിന്റെയും മറ്റൊരു ബന്ധുവായ അഹമ്മദ് അസ്‌ലമിന്റെയും അക്കൗണ്ടുകളിലേക്കാണ് പ്രതി കൈമാറിയത്. ഇരുവരും ഒളിവിലാണ്. ഫയാസിന്റെ നിർദ്ദേശ പ്രകാരം ഷക്കീൽ എന്നയാൾ തനിക്ക് വളകൾ കൈമാറി എന്നാണ് നാസറിന്റെ മൊഴി. പാലക്കാട്ടെ ഐ.ഒ.ബി ബാങ്കിൽ നിന്ന് തിരിച്ചെടുത്ത വളകളും തൃക്കാക്കരയിലെ ബാങ്കിൽ പണയപ്പെടുത്തിയതിൽ ഉൾപ്പെടുന്നതായി ഇയാൾ പറഞ്ഞു. ഇതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. ഒളിവിലുള്ള അഫ്സൽ ഐ.ടി, കയറ്റുമതി മേഖലകളിൽ പ്രവർത്തിക്കുന്നയാളാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. നാസറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃക്കാക്കര ഇൻസ്പെക്ടർ പി.എം. വിമോദും അന്വേഷണ സംഘത്തിൽപ്പെടുന്നു.
മുകൾ പാളിയിൽ 3 ഗ്രാം സ്വർണം
മുക്കുപണ്ടമെന്ന് കണ്ടെത്തിയ 29 വളകളും ഒറ്റനോട്ടത്തിൽ സ്വർണമെന്ന് തോന്നിക്കുന്നവയാണ്. 10 ഗ്രാം വീതം തൂക്കം വരുന്ന 290 ഗ്രാമിന്റെ 29 വളകളാണ് പണയപ്പെടുത്തിയത്. ഓരോ വളയുടെയും മുകൾ പാളിയിൽ 3 ഗ്രാം വീതം സ്വർണം പൂശിയിരുന്നു. ആദ്യം 12 വളകൾ പണയപ്പെടുത്തിയ നാസർ രണ്ടാമത് 17 വളകളുമായി എത്തിയപ്പോൾ പണം നൽകിയെങ്കിലും 29 വളകൾക്കും ഒരേ ആകൃതിയും രൂപവുമാണെന്നത് (കട്ടിംഗ്) ബാങ്ക് അധികൃതരിൽ സംശയത്തിന് ഇടയാക്കി. തുടർന്ന് നടത്തിയ പരിശോധനയാണ് കള്ളി പൊളിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |