
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ക്ലീൻ ചിറ്റ് നൽകിയ കൊല്ലം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഏപ്രിൽ 7വരെയാണ് സ്റ്റേ. തന്ത്രിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ നിരീക്ഷണങ്ങൾ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് തടസമാകുമെന്ന സർക്കാർ വാദത്തിൽ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വിലയിരുത്തി. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
തന്ത്രിക്കെതിരെ ശക്തമായ തെളിവുകളില്ലെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ പ്രോസിക്യൂഷൻ രേഖകളോ കേസ് ഡയറിയോ പരിശോധിക്കാതെയാണെന്ന് സർക്കാരിനു വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി വാദിച്ചു. തന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ധാരാളം തെളിവുകൾ പ്രോസിക്യൂഷൻ രേഖകളിലുണ്ട്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ക്ലീൻ ചിറ്റ് നൽകുന്നത് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് തടസമാകും. അതിനാൽ, ഹർജിയിൽ തീർപ്പാകും വരെ സ്റ്റേ അനുവദിക്കണമെന്നും അറിയിച്ചു.
സർക്കാർ വാദം പ്രഥമദൃഷ്ട്യ നിലനിൽക്കുന്നതാണ്. അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്ന ഡിവിഷൻബെഞ്ച്, തന്ത്രിയുടെ അറസ്റ്റ് അടക്കമുള്ള നടപടികൾ തൃപ്തികരമാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി, വിശദ വാദത്തിനായി ഏപ്രിൽ 7ലേക്ക് മാറ്റി. തന്ത്രി രാജീവർക്ക് നോട്ടീസിനും നിർദ്ദേശിച്ചു. വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ സംബന്ധിച്ച രേഖകൾ സൂക്ഷ്മ പരിശോധന നടത്തി, ഇരു വിഭാഗങ്ങളെയും കേട്ട് തീർപ്പാക്കേണ്ട കേസാണിതെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |