
കാലടി: മഞ്ഞപ്ര കോതായിപ്പാലത്ത് വെടിയേറ്റു മരിച്ച അയ്യമ്പുഴ ഉപ്പുകല്ല് കിലുക്കൻ വീട്ടിൽ ജോസി (51)ന്റെ മൃതദേഹത്തിൽ മൂന്നു വെടിയുണ്ടകൾ കണ്ടെത്തി. പ്രതിയും അയൽവാസിയുമായ വിമുക്തഭടൻ കാളാംപറമ്പിൽ വീട്ടിൽ പോളി (57) നാലു തവണയാണ് വെടി ഉതിർത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതിൽ ഒരെണ്ണം ജോസിന്റെ ഇടതു കൈയിൽ കൊണ്ടതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മുതുകിലേറ്റ മറ്റു രണ്ടു വെടിയുണ്ടകളാണ് മരണകാരണം.
ഞായറാഴ്ച രാത്രി വെടിവയ്പ് നടന്ന കോതായിപ്പാലത്തിനു സമീപം ഇന്നലെ പൊലീസിന്റെ ബാലിസ്റ്റിക്ക്, ഫോറൻസിക് സംഘങ്ങൾ പരിശോധന നടത്തി. അയ്യമ്പുഴ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന തോക്ക് പൊലീസ് ആർമറുടെ നേതൃത്വത്തിൽ പരിശോധിച്ചു. തോക്കിൽ 12 തിരകൾ കൂടി ശേഷിക്കുന്നുണ്ടെന്ന് അയ്യമ്പുഴ പൊലീസ് പറഞ്ഞു. പോളിയുടെ പേരിലാണ് തോക്ക് ലൈസൻസ്. തന്നെയും ജോസി അപായപ്പെടുത്തുമോയെന്ന സംശയത്താൽ തോക്ക് എപ്പോഴും ലോഡ് ചെയ്ത് വച്ചിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകി.
എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ജോസിന്റെ പോസ്റ്റ്മോർട്ടം.
ആലുവയിലെ ബാങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥനായ പോളി ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുംവഴിയാണ് അയൽവാസിയായ ജോസിനെ കോതായിപ്പാലത്തിനു സമീപം കൊലപ്പെടുത്തിയത്. തോട്ടിൽ കുളിക്കുകയായിരുന്ന ജോസ് ആദ്യ വെടിയുണ്ട കൈയിൽ കൊണ്ടയുടൻ പ്രാണരക്ഷാർത്ഥം ഓടി. പിന്തുടർന്നെത്തിയ പോളി ‘ക്ളോസ് റെയ്ഞ്ചിൽ’ വെടിയുതിർത്ത് മരണം ഉറപ്പിച്ചാണ് ബൈക്കിൽ അയ്യമ്പുഴ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
പോളിയെ ഇന്നലെ വൈകിട്ട് പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു. മരിച്ച ജോസിന്റെ സംസ്കാരം ഇന്നു രാവിലെ 10ന് മഞ്ഞപ്ര മാർ സ്ലീവ പള്ളിയിൽ നടക്കും.
അച്ഛനെ കൊന്നതിന്റെ പ്രതികാരം ആളിക്കത്തി
ഞായറാഴ്ച ബാങ്കിൽ നിന്ന് പോളി മടങ്ങിയത് കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ ആയിരുന്നില്ല. പക്ഷേ, ജോസിനെ വഴിയിൽ കണ്ടപ്പോൾ പെട്ടെന്ന് നിയന്ത്രണം വിട്ടു.ആറു കൊല്ലം മുമ്പ് അതിർത്തി തർക്കത്തിന്റെ പേരിൽ കൊല്ലപ്പെട്ട പിതാവ് കാളാംപറമ്പിൽ ജോസിന്റെ മുഖമാണ് എപ്പോഴും മുന്നിൽ തെളിയുന്നതെന്നും പോളി പൊലീസിനോട് പറഞ്ഞു. വെടിയേറ്റു മരിച്ച ജോസും മകൻ ദേവസിക്കുട്ടിയും ചേർന്നാണ് പിതാവിനെ കൊന്നത്. തെളിവുകളുടെ അഭാവത്തിൽ അവരെ കോടതി വെറുതേ വിട്ടെങ്കിലും പോളിയുടെ മനസിൽ പ്രതികാരം കനലായി. ‘അപ്പന്റെ മുഖം ഓർക്കുമ്പോൾ രാത്രി ഉറക്കമില്ല, ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല’- അന്വേഷണ ഉദ്യോഗസ്ഥരോട് ഇന്നലെ പോളി പറഞ്ഞ വാക്കുകളാണിത്. പിതാവിനെ വിറകിന് അടിച്ചു കൊലപ്പെടുത്തിയ ജോസ് തന്നെയും അപായപ്പെടുത്തുമെന്ന് ആശങ്കയുണ്ടായിരുന്നതായും പോളി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |