
മലപ്പുറം: ലീഗ് ബന്ധം ഉപേക്ഷിച്ച് ഇടത് സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യങ്ങളോട് പ്രതികരിച്ച് മുൻ എംഎൽഎയും മുസ്ളീം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്‌ദുറഹിമാൻ രണ്ടത്താണി. ഇടത് സ്ഥാനാർത്ഥിയാകുന്ന അഭ്യൂഹങ്ങൾക്കിടെ മാദ്ധ്യമങ്ങളെ കണ്ടപ്പോൾ താൻ ആദർശപരമായി ലീഗുകാരൻ ആണെന്നും ഇന്നേവരെ ആ ട്രാക്കിൽനിന്ന് തെറ്റിപ്പോയിട്ടില്ലെന്നുമാണ് രണ്ടത്താണി പ്രതികരിച്ചത്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും രണ്ടത്താണി പറഞ്ഞു.
ലീഗ് പട്ടികയിൽ ചിലരുടെ താൽപര്യങ്ങൾ നടപ്പാക്കാൻ ശ്രമിച്ചെന്ന് പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് അതെന്താണെന്ന് എല്ലാവർക്കും സ്വാഭാവികമായും അറിയുന്ന കാര്യമാണെന്ന് രണ്ടത്താണി പറഞ്ഞു. പ്രകടിപ്പിച്ചത് ഒരു പാർട്ടിപ്രവർത്തകൻ എന്ന നിലയിലെ വികാരം മാത്രമാണ്. ആദർശപരമായി ലീഗുകാരനാണ് താൻ. ഇന്നുവരെ ആ ട്രാക്കിൽ നിന്ന് തെറ്റിപ്പോയിട്ടുള്ള ആളല്ലെന്നും അബ്‌ദുറഹിമാൻ രണ്ടത്താണി വ്യക്തമാക്കി.
തിരൂരങ്ങാടിയിൽ പിഎംഎ സമീറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായതിന് പിന്നാലെയാണ് അബ്ദുറഹിമാൻ രണ്ടത്താണിയുടെ ഫേസ്‌ബുക്ക് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. പ്രാദേശിക കമ്മിറ്റികളോ പ്രവർത്തകരോ ആവശ്യപ്പെടാതെ അടുത്തകാലത്ത്മാത്രം പാർട്ടിയിലെത്തിയ പിഎംഎ സമീറിനെ സ്ഥാനാർത്ഥിയാക്കിയെന്നും നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യങ്ങൾക്കായാണ് സമീറിനെ സ്ഥാനാർത്ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ മാനദണ്ഡം ചോദ്യംചെയ്യുന്നത് അച്ചടക്കലംഘനമായി കാണരുതെന്നും പാർട്ടിക്കായി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുക സ്വാഭാവികം ആണെന്നുമാണ് രണ്ടത്താണി ഫേസ്‌ബുക്കിൽ കുറിച്ചത്.
അതേസമയം രണ്ടത്താണിക്കായി എൽഡിഎഫ് രംഗത്തുണ്ട്. മുന്നണി, സ്ഥാനാർത്ഥികളെ തേടുന്ന തിരൂരോ താനൂരോ വള്ളിക്കുന്നിലോ അബ്‌ദുറഹിമാൻ രണ്ടത്താണിക്ക് സാദ്ധ്യതയുണ്ട്. വി അബ്‌ദുറഹിമാനെ തിരൂരേക്ക് മാറ്റി രണ്ടത്താണിയെ താനൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആക്കുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |