
ബംഗളുരു: വിവാഹ വീടുകളും കല്യാണ മണ്ഡപങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പിടികിട്ടാപ്പുള്ളി ബംഗളുരുവിൽ പിടിയിൽ. ചന്നപ്പട്ടണ സ്വദേശി പൾസർ ബാബു എന്ന ബാബുവാണ് സദാശിവ നഗരിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് രണ്ടുകാറുകളും 132 ഗ്രാം സ്വർണവും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഒരു വിവാഹ വീട്ടിൽ നടന്ന മോഷണത്തിനിടെയാണ് ഇയാൾ പിടിയിലായത്.
ചെറിയ മോഷണക്കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന ബാബു കൊവിഡ് കാലത്ത് ജയിൽ മോചിതനായതോടെയാണ് വിവാഹ വീടുകൾ കേന്ദ്രീകരിച്ച് മോഷണം തുടങ്ങിയത്. വിവാഹ വീടുകളിലെ കുട്ടികളായിരുന്നു ഇയാളുടെ പ്രധാന ഉന്നം. കുട്ടികളുടെ കൈയിലും കഴുത്തിലും കാലിലും ഉള്ള ആഭരണങ്ങളും മൊബൈൽ ഫോണുകളും ഇയാൾ കവർന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന് പുറമേ വിവാഹ വീടുകളിലെ ലാപ്ടോപ്പുകളും ബൈക്കുകളും ഇയാൾ മോഷ്ടിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആഭരണം ഉരുക്കിവിറ്റ് ആ പണം കൊണ്ട് ആർഭാടജീവിതം നയിക്കുന്നതായിരുന്നു ബാബുവിന്റെ പതിവ്. 42 ലക്ഷത്തിന്റെ രണ്ടു കാറുകളും 132 ഗ്രാം സ്വർണവും 7 മൊബൈൽ ഫോണുകളും ഒരു ക്യാമറയും രണ്ട് ലെൻസുകളും രണ്ട് ലാപ്ടോപ്പുകളും ഒരു ലക്ഷത്തി ഇരുപതിനായിരും രൂപയും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |