
തിരുവനന്തപുരം: വെള്ളനിറം എന്ന നിബന്ധന മാറ്റി ടൂറിസ്റ്റ് ബസുകൾ 'കളർഫുൾ' ആക്കാൻ ഗതാഗത വകുപ്പിലെ ചില ഉന്നതർ നടത്തിയ ശ്രമം വീണ്ടും പാളി.
9ന് കൂടിയ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിട്ടി യോഗത്തിൽ വെള്ള നിറം മാറ്റി പഴയതുപോലെ കളറാക്കണമെന്ന നിർദേശത്തിനായിരുന്നു മുൻതൂക്കം. ട്രാൻസ്പോർട്ട് കമ്മിഷണറുടെ എതിർപ്പ് അവഗണിച്ച് ഉത്തരവ് ഇറക്കാൻ നടത്തിയ നീക്കം തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ നിലച്ചു.
അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് ജീവൻ നഷ്ടമായ 2022 ഒക്ടോബറിലെ വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളം നിറം നിർബന്ധമാക്കിയത്.
വെള്ള നിറം വിനോദ സഞ്ചാരമേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് തീരുമാനം പുനഃപരിശോധിക്കാൻ നീക്കം നടന്നത്.
2024 ജൂലായിലും നീക്കമുണ്ടായെങ്കിലും വിവാദമായതോടെ ഉപേക്ഷിക്കുകയായിരുന്നു. കേരള കോൺഗ്രസ് ബി യുടെ പ്രാദേശിക നേതാവ് കൂടിയായ ബസ് ഉടമയുടെ ശബ്ദസന്ദേശം ചോർന്നതാണ് അന്ന് സർക്കാരിനെ വെട്ടിലാക്കിയത്. കെ.ബി ഗണേശ്കുമാർ മന്ത്രി സ്ഥാനം ഒഴിയുന്നതിന് മുമ്പ് വെള്ള നിറം പിൻവലിക്കുമെന്ന് ബസ് ഉടമ അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് ചോർന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്ന് വിവാദ അജണ്ട അന്നത്തെ എസ്.ടി.എ പരിഗണിച്ചില്ല.
നിറംമാറ്റം: പഠനം നടത്തിയില്ല
യാതൊരു പഠനവും നടത്താതെയാണ് ബസ് ഉടമകളുടെ ആവശ്യം എസ്.ടി.എയുടെ മുന്നിൽ രണ്ടുവട്ടവും എത്തിയത്.
ഏകീകൃത നിറം ഏർപ്പെടുത്തിയശേഷം ആളപായം സംഭവിച്ച വമ്പൻ അപകടങ്ങൾ ഉണ്ടായിട്ടില്ലെന്ന കാര്യം മോട്ടോർ വാഹനവകുപ്പ് പരിഗണിച്ചിട്ടില്ല.
മറ്റു ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നവിധത്തിലുള്ള ചിത്രങ്ങൾ ടൂറിസ്റ്റ് ബസുകളിൽ പതിക്കുന്നതിനെ 2019ൽ ഹൈക്കോടതി വിലക്കിയിരുന്നു. ഇത് നടപ്പാക്കുന്നതിൽ മോട്ടോർവാഹനവകുപ്പ് അലംഭാവം കാട്ടി.
വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ നടന്ന വകുപ്പുതല അന്വേഷണത്തിലാണ് ടൂറിസ്റ്റ് ബസുകളിലെ അമിത ലൈറ്റുകളും ശബ്ദസംവിധാനവും ഗ്രാഫിക്സുകളും വിവിധ വർണങ്ങളും ഒഴിവാക്കാൻ തീരുമാനിച്ചത്.
''ടൂറിസ്റ്റ് ബസുകളുടെ നിറംമാറ്റം സംബന്ധിച്ച് പുതിയ തീരുമാനമോ ഉത്തരവോ ഇല്ല''
- എച്ച്.നാഗരാജു, ട്രാൻസ്പോർട്ട് കമ്മിഷണർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |