
കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യുവിൽ തീപിടിത്തമുണ്ടായപ്പോൾ വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന ആയൂർ സ്വദേശി മരിച്ചു. ആയൂർ ഇളമാട് അമ്പലംമുക്ക് ചരുവിള പുത്തൻ വീട്ടിൽ ജി.കൃഷ്ണൻകുട്ടിയാണ് (53) മരിച്ചത്.
ആയൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ഗോൾഡ് വർക്ക് സ്ഥാപനം നടത്തുന്ന കൃഷ്ണൻകുട്ടി 14ന് ഉച്ചയ്ക്ക് ആഹാരം കഴിക്കാൻ വീട്ടിലേക്ക് പോകാനായി റോഡരികിൽ നിൽക്കവേ ഓട്ടോറിക്ഷ വന്നിടിക്കുകയായിരുന്നു.
സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവവും തലയിൽ ഗുരുതരമായി പരിക്കേറ്റതിനാലും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തിങ്കളാഴ്ചയോടെ ശസ്ത്രക്രിയ പൂർത്തിയായെങ്കിലും ആന്തരിക രക്തസ്രാവവും ഉയർന്ന രക്തസമ്മർദ്ദവും കാരണം വെന്റിലേറ്ററിൽ തുടരുകയായിരുന്നു. തീപിടിത്തമുണ്ടായതോടെ, ഐ.സി.യുവിലുണ്ടായിരുന്ന രോഗികളെ അടിയന്തരമായി മാറ്റുന്നതിനിടയിൽ, അതീവ ഗുരുതരാവസ്ഥയിലായിരുന്ന കൃഷ്ണൻകുട്ടിക്ക് നൽകിയിരുന്ന മെഡിക്കൽ സജ്ജീകരണങ്ങൾ കൃത്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് പറയപ്പെടുന്നു. ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം സംസ്കരിച്ചു. മിനിമോളാണ് ഭാര്യ. നന്ദന കൃഷ്ണൻ, വന്ദന കൃഷ്ണൻ എന്നിവർ മക്കളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |