
കണ്ണൂർ: ധർമ്മടത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയ മുഖ്യമന്ത്രി ജില്ലാ രജിസ്ട്രാർ സച്ചിൻ കൃഷ്ണയ്ക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന കമ്മിറ്റി അംഗം പി ശശി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ധർമ്മടത്തെ പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
ധർമ്മടത്ത് മൂന്നാമതും ജനവിധി തേടാനിറങ്ങിയ പിണറായി വിജയന് മണ്ഡലം ഉൗഷ്‌മളമായ വരവേൽപ്പാണ് നൽകിയത്. വിമാനത്താവളത്തിൽ നിന്ന് അഞ്ചരക്കണ്ടി, മമ്പറം വഴി റോഡ് ഷോ ആയാണ് മുഖ്യമന്ത്രി പിണറായിയിലെത്തിയത്. പിണറായിയിൽ വർണക്കുടകളും ബലൂണുകളും പ്ലക്കാർഡുകളുമായി സ്‌ത്രീകളും കുട്ടികളും വയോജനങ്ങളും ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
എല്ലാവരെയും വീട്ടിൽ ചെന്ന് കാണണമെന്നും നുണകൾ ഓരോന്നും പൊളിക്കണമെന്നും കഴിഞ്ഞദിവസം മമ്പറത്ത് നടന്ന ധർമ്മടം മണ്ഡലം എൽഡിഎഫ് കൺവെൻഷനിൽ പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നു. എതിരാളികൾ നേരും നെറിയും ഉപേക്ഷിച്ചു. നേരായ രീതിയിൽ എൽഡിഎഫിനെ എതിർക്കാൻ അവർക്ക് പറ്റുന്നില്ല. ഗീബൽസിനെ കടത്തിവെട്ടുന്ന രീതിയിലാണ് എതിരാളികൾ പ്രവർത്തിക്കുന്നത്.
കേരളം നൽകുന്ന നേറ്റിവിറ്റി കാർഡ് ആർക്കും എതിർക്കാൻ കഴിയില്ല . ഞാൻ കേരളത്തിന്റെ സന്തതി ആണ് എന്നതാണത്. അതുപോലും അംഗീകരിക്കാൻ സംഘപരിവാർ തയ്യാറല്ല. സ്ഥാനാർത്ഥി എന്ന നിലയിൽ എല്ലാവരെയും കാണാൻ പ്രയാസമുണ്ട്. അത് എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സംസ്ഥാനത്ത് എല്ലായിടത്തും എത്തണം. ആ പരിമിതി മനസിലാക്കി പ്രചാരണം ഏറ്റെടുക്കണമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |