
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കെ തമിഴക വെട്രി കഴകം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും അഭിനേത്രിയുമായ രഞ്ജന നാച്ചിയാർ ടി.വി.കെയിൽ നിന്ന് രാജിവച്ച് ഡി.എം.കെയിൽ ചേർന്നു. ഡി.എം.കെയിൽ ചേർന്ന ഉടൻ ടി.വി.കെ അദ്ധ്യക്ഷൻ വിജയ്‌യെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ടി.വി.കെയിൽ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും ജില്ലാ നേതാക്കളെ പോലും കേൾക്കുന്നില്ലന്നും ചിലരുടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും രഞ്ജന നാച്ചിയാർ പറഞ്ഞു.
ടി.വി.കെ മേധാവി വിജയ് സ്ത്രീകളെ അനാദരിക്കുന്നു. പാർട്ടി നേതാക്കൾ സ്ത്രീകളോട് അനാദരവ് കാണിക്കുകയും വനിതാ ദിനത്തിൽ വേദിയിൽ അവരെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്ന് രഞ്ജന മാദ്ധ്യമങ്ങളോടു പറഞ്ഞു.
വിജയ് വ്യക്തിപരമായ കാര്യങ്ങൾ 'വിലപ്പോയില്ല' എന്ന് തള്ളിക്കളഞ്ഞു. 'എന്താണ് വിലപ്പോവാത്തത് നിങ്ങളുടെ ഭാര്യയോ നിങ്ങളുടെ വിവാഹമോ?' അവർ വിജയ്‌യോടു ചോദിക്കുന്നു. പ്രവർത്തകരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതോ അവർക്ക് സമീപിക്കാവുന്നതോ ആയ നേതൃത്വമല്ല ടി.വി.കെയിലുള്ളത്.
പാർട്ടിയിൽ വ്യത്യസ്തമായ ഒരു സമീപനം കൊണ്ടുവരുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.
എം.ജി രാമചന്ദ്രനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാഷ്ട്രീയത്തിലെത്തിയെന്നാണ് വിജയ് പറഞ്ഞിരുന്നത്. അതിനാൽ ആളുകൾക്ക് അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷകളുണ്ടായിരുന്നു, അദ്ദേഹം എം.ജി.ആറിനെപ്പോലെയാകുമെന്ന് ഞാൻ പോലും പ്രതീക്ഷിച്ചിരുന്നു. എം.ജി.ആർ ഇങ്ങനെയായിരുന്നില്ല, അദ്ദേഹം ആളുകളെ കാണുകയും അവരുമായി ഇടപഴകുകയും ചെയ്യുമായിരുന്നു, പക്ഷേ അദ്ദേഹം (വിജയ്) അകലെ ഒരു കാറിൽ ഇരുന്നുകൊണ്ട് കൈവീശുകയാണ്, ഞങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല അത്- അവർ പറഞ്ഞു. ഡി.എം.കെ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാർട്ടിയായതുകൊണ്ടാണ് അതിൽ ചേർന്നതെന്നും രഞ്ജന വ്യക്തമാക്കി.
ടി.വി.കെയിൽ എത്തുംമുമ്പ് എട്ടു വർഷത്തോളം ബി.ജെ.പിയിലായിരുന്നു. സംസ്ഥാന യൂണിറ്റിന്റെ കലാസാംസ്‌കാരിക വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു.
ഹിന്ദി അടിച്ചേൽപ്പിക്കൽ, ദ്രാവിഡവാദത്തോടുള്ള വിദ്വേഷം, തമിഴ്നാടിനോടുള്ള തുടർച്ചയായ അവഗണന എന്നിവയിലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബി.ജെ.പി വിട്ടു.
രഞ്ജന നാച്ചിയാറിന്റെ രാജിക്ക് പ്രാധാന്യം നൽകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ടി.വി.കെ നേതാക്കളുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |