
കണ്ണൂർ: തളിപ്പറമ്പിൽ സി.പി.എം വിമതനെതിരെ കെ.പി.സി.സി അംഗം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സി.പി.എം മുൻ ജില്ലാസെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദനാണ് ഇവിടെ യു.ഡി.എഫ് പിന്തുണ. പാർട്ടി സ്ഥാനാർത്ഥി ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് കെ.പി.സി.സി അംഗം കൊയ്യം ജനാർദനൻ പത്രിക സമർപ്പിച്ചത്.
ഗോവിന്ദൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ താൻ പത്രിക പിൻവലിക്കുമെന്ന് ജനാർദ്ദനൻ പറഞ്ഞു.
എന്നാൽ സി.പി.എം വോട്ട് നഷ്ടപ്പെടുത്തുമെന്ന കാരണത്താൽ ഗോവിന്ദൻ ഇക്കാര്യം അംഗീകരിക്കാൻ സാദ്ധ്യതയില്ലെന്നതാണ് യു.ഡി.എഫിന്റെ തലവേദന. പ്രശ്നപരിഹാരത്തിനായി കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്. ഇതിനിടെ ടി.കെ. ഗോവിന്ദൻ ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെ സന്ദർശിച്ചു.
അതേസമയം ടി.കെ. ഗോവിന്ദനെ പിന്തുണക്കരുതെന്ന് ആവർത്തിച്ച് യൂത്ത് കോൺഗ്രസ് വീണ്ടും രംഗത്തെത്തി. ഈ ആവശ്യം മുന്നോട്ടു വച്ച് എ.ഐ.സി.സിക്കും കെ.പി.സി.സിക്കും യൂത്ത് കോൺഗ്രസ് കത്ത് നൽകി.
എൽ.ഡി.എഫ് പി.കെ. ശ്യാമള പ്രചാരണത്തിൽ സജീവമായി. ശ്യാമളയുടെ പത്രികാസമർപ്പണവും ഇന്നലെ നടന്നു. തളിപ്പറമ്പിൽ എൻ.ഡി.എയിലും പ്രതിസന്ധിയുണ്ട്. സ്ഥാനാർത്ഥിയും ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റുമായ എൻ. ഹരിദാസൻ പ്രചാരണത്തിന് പോലും ഇറങ്ങിയിട്ടില്ല. ധർമ്മടത്ത് സീറ്റ് ലഭിക്കാത്തതാണ് ഹരിദാസൻ ഇടഞ്ഞതിന് പിന്നിലെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |