SignIn
Kerala Kaumudi Online
Thursday, 23 April 2026 5.26 PM IST

സംഭരണ പ്രതിസന്ധി,​ കരിയിൽ കണ്ണീർപ്പാടം

Increase Font Size Decrease Font Size Print Page
nnellu

ആലപ്പുഴ: നാടാകെ തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരും നിറയുമ്പോഴും അനാവശ്യ കിഴിവിനായുള്ള മില്ലുകാരുടെ കടുംപിടിത്തത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പുഞ്ചകൃഷിയുടെ നെല്ല് സംഭരണം വലിയ പ്രതിസന്ധിയിലാണ്.ആലപ്പുഴയിലെ കരിയിൽ പാടശേഖരത്തിൽ മാത്രം മൂന്നുലോഡിലധികം നെല്ല് കെട്ടികിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി. 27കർഷകരുള്ള 38 ഏക്കർ വിസ്തൃതിയുള്ളതാണ് കരിയിൽപ്പാടം. രണ്ടാഴ്ച മുമ്പ് കൊയ്ത്ത് നടന്ന ഇവിടെ പാലക്കാട് നിന്നുള്ള മില്ലിനെയാണ് സംഭരണത്തിന് നിയോഗിച്ചത്. 6കിലോ നെല്ല് കിഴിവ് നൽകാൻ കർഷകർ സന്നദ്ധത അറിയിച്ചിട്ടും സംഭരിക്കാൻ തയ്യാറാകാതെ പിൻവാങ്ങുകയായിരുന്നു മില്ലുകൾ. ഇതേ മില്ലുകൾക്ക് അലോട്ട് ചെയ്ത മറ്റ് പാടങ്ങളിലും നെല്ലും വരമ്പത്ത് കിടക്കുന്ന സ്ഥിതിയാണ്.കരിയിൽ പാടത്തെ കർഷകർ അറിയിച്ചതിനെ തുടർന്ന് പാഡി അസി.ഡയറക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി നെല്ലിന്റെ ഗുണനിലവാര പരിശോധന നടത്തുകയും 4 കിലോ കിഴിവ് ഈടാക്കി നെല്ല് സംഭരിക്കാൻ പാലക്കാട്ടെ മില്ലുകാരോട് നിർദേശിക്കുകയും ചെയ്തു. എന്നാൽ അവർ വഴങ്ങിയില്ല. ഈ സാഹചര്യത്തിൽ മറ്റൊരുമി‌ല്ലിനെയും സംഭരണത്തിന് ചുമതലപ്പെടുത്തി. ഏജന്റുവന്ന് നെല്ല് നോക്കി പോയതല്ലാതെ രണ്ടാഴ്ചയ്ക്ക് ശേഷവും ഒരുമണി നെല്ലെടുക്കാൻ അവരും തയ്യാറായിട്ടില്ല. കർഷകർ വലിയ ലോറിയെത്തിച്ചേരുന്ന സ്ഥലത്ത് നെല്ലെത്തിച്ച് നൽകാമെന്നേറ്റിട്ടും മില്ലുകാർ നിസഹകരിക്കുമ്പോൾ കൃത്യമായ ഇടപെടലിനോ,​ പരിഹാരം കാണാനോ,​ പാഡി ഓഫീസോ സപ്ളൈകോയോ തയ്യറാകുന്നില്ല.

മില്ലുകാർക്ക് കടുംപിടിത്തം

1. അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലെ കായൽ നിലങ്ങളിൽ ഉൾപ്പടെ

ടൺ കണക്കിന് നെല്ലാണ് ആഴ്ചകളായി കെട്ടിക്കിടക്കുന്നത്. പുളിങ്കുന്ന്, നീലമ്പേരൂർ, തകഴി, കുട്ടനാട്, ചമ്പക്കുളം കൃഷി ഭവൻ പരിധികളിലെ പാടങ്ങളിലും മില്ലുകാരെ കാത്ത് ആയിരക്കണക്കിന് ക്വിന്റൽ നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്

2.കുട്ടനാട്ടിൽ ശ്രീമൂലമംഗലം പാടത്തും പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ 6300 ഏക്കറോളം വരുന്ന മറ്റു പാടങ്ങളിൽ പകുതിയിലും വിളവെടുപ്പ് ഇതിനകം പൂർത്തിയായിട്ടുണ്ട്. 600 ലോഡോളം നെല്ലാണ് ഇവിടങ്ങളിൽ കെട്ടികിടക്കുന്നത്. കരിയിൽ പാടത്തെ കർഷകർ ഇന്ന് റോഡിൽ നെല്ല് കൂട്ടി പ്രതിഷേധിക്കാനാണ് തീരുമാനം

3.പതിര് പൂർണമായും നീക്കിയശേഷം സംഭരിക്കാമെന്ന ന്യായമാണ് മില്ലുകാർ ഉന്നയിക്കുന്നത്.വൈദ്യുതി പോലുമില്ലാത്ത പാടത്ത് പതിരുമാറ്റാനുള്ള സംവിധാനമൊന്നുമില്ലെന്നിരിക്കെ,​ സംഭരണം വൈകിക്കാനും അതുവഴി കൂടുതൽ കിഴിവ് ഈടാക്കാനുമുള്ള തന്ത്രമായിട്ടാണ് കർഷകർ കാണുന്നത്

4. ഭക്ഷ്യമന്ത്രിയും കൃഷി മന്ത്രിയും അവരവരുടെ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മുഴുകുകയും പുതുതായി എത്തിയ കളക്ടർ നെല്ല് സംഭരണത്തിൽ ശക്തമായ ഇടപെടീലിന് തയ്യാറാകാത്തതുമാണ് മില്ലുകാർ തന്നിഷ്ടപ്രകാരമുള്ള സമീപനം പുലർത്താൻ കാരണമെന്ന് കർഷകർക്ക് ആക്ഷേപമുണ്ട്

കരിയിൽപ്പാടം

കർഷകർ: 27

വിസ്തൃതി: 38 ഏക്കർ

കൃഷി ചെയ്തുപോയതാണ് തെറ്റ്. രണ്ടാഴ്ചയായി ചുട്ടുപൊള്ളുന്ന ചൂടിൽ ഒരിറ്റുവെള്ളം പോലും കുടിക്കാനാകാതെ വിജനമായ പാടത്ത് നെല്ലിന് കാവലിരിക്കേണ്ട സ്ഥിതിയാണ്. കർഷകരെ ചൂഷണം ചെയ്യുന്ന മില്ലുകൾക്കെതിരെ നടപടിക്ക് അധികൃതർ തയ്യാറാകാത്തത് ദുരൂഹമാണ്

- ശ്രീകുമാർ, കർഷകൻ, കരിയിൽപ്പാടം

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.