
തിരുവനന്തപുരം: സിനിമാ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ മാസ് എൻട്രി, സ്ലോ മോഷൻ സീരീസ്, ബി.ജി.എം ചേർത്ത ജനസമ്പർക്ക പരിപാടികൾ... സോഷ്യൽ മീഡിയകളിൽ സ്ഥാനാർത്ഥികളുടെ റീൽസ് തരംഗം. നാട്ടിലെ വോട്ടോട്ടത്തിനൊപ്പമാണ് സ്ഥാനാർത്ഥികളെ 'ഹീറോ' ആക്കിയുള്ള റീൽസുകളടക്കം സോഷ്യൽ മീഡിയയിൽ നിറയുന്നത്. ട്രോളുകൾക്കും കുറവില്ല.
ഇൻസ്റ്റഗ്രാമിലും ഫേസ് ബുക്കിലുമൊക്കെ സ്ഥാനാർത്ഥികൾ തമ്മിലുള്ള 'റീൽസ് ഏറ്റുമുട്ടൽ' അരങ്ങുതകർക്കുകയാണ്. സിനിമാറ്റിക് ടച്ചോടെയാണ് മിക്ക റീൽസും പുറത്തിറങ്ങുന്നത്.
സ്ഥാനാർത്ഥിയുടെ ഓരോ ചലനവും ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ എത്തിക്കാൻ പ്രത്യേക ഡിജിറ്റൽ ക്രിയേറ്റർമാരുടെ സംഘം തന്നെ രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. പൊള്ളുന്ന ചൂടും പ്രചാരണദിവസങ്ങൾ കുറവായതും കണക്കിലെടുത്ത് സോഷ്യൽ മീഡിയ പ്രചാരണത്തിന് പാർട്ടികൾ മുന്തിയ പരിഗണനയാണ് നൽകുന്നത്. ന്യൂജെൻ വോട്ടർമാരെക്കൂടി ലക്ഷ്യമിട്ടാണിത്.
ഐ.ടി സെല്ലുകൾക്ക് പുറമേ വൻകിട പി.ആർ ഏജൻസികളെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും രംഗത്തിറക്കിയിട്ടുണ്ട്. സ്ഥാനാർത്ഥികൾ നേരിട്ടു നടത്തുന്ന പ്രചാരണത്തേക്കാൾ വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിലെ പ്രമുഖ ഇൻഫ്ലുവൻസർമാരുമായി ചേർന്ന് നടത്തുന്ന പരിപാടികൾക്ക് ലഭിക്കുന്നത്.
പ്രധാനമായും മുതിർന്ന വോട്ടർമാരെയും കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള പ്രചാരണത്തിനാണ് ഫേസ്ബുക്കിനെ ഉപയോഗിക്കുന്നത്. വോട്ടർമാരുടെ അഭിരുചി മനസിലാക്കി അവർക്ക് താത്പര്യമുള്ള വിഷയങ്ങൾ ഫീഡിൽ എത്തുന്ന രീതിയിലുള്ള പരസ്യതന്ത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നു 'തഗ്ഗ്' മറുപടികളും മീമുകളും രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഉപയോഗിക്കുന്നു. ട്രോൾ പേജുകളും സജീവമാണ്.
ഒപ്പമുണ്ട് വ്ലോഗർമാരും
ഫുഡ് വ്ലോഗർമാർക്കൊപ്പം സ്ഥാനാർത്ഥികൾ മണ്ഡലത്തിലെ തട്ടുകടകളിൽ എത്തുന്നതും ട്രാവൽ വ്ലോഗർമാർക്കൊപ്പം വികസന വിശേഷങ്ങൾ പങ്കിടുന്നതും പ്രധാന ട്രെൻഡാണ്. ഇതിലൂടെ വോട്ടർമാർക്കിടയിൽ 'സാധാരണക്കാരൻ' എന്ന ഇമേജ് കെട്ടിപ്പടുക്കാനാണ് സ്ഥാനാർത്ഥികൾ ശ്രമിക്കുന്നത്.
എ.ഐ പരീക്ഷണങ്ങളും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രചാരണവും വ്യാപകമാണ്. എന്നാൽ, ഡീപ് ഫേക്ക് വീഡിയോകളും വ്യാജ ഓഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നത് തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശനമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എ.ഐ നിർമ്മിത ഉള്ളടക്കങ്ങളിൽ നിർബന്ധമായും ലേബലുകൾ പതിക്കണമെന്നും വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |