
സ്മിത സുന്ദരേശൻ സി.പി.എം വർക്കല ഏരിയ കമ്മിറ്റി അംഗം
വർക്കല: വർക്കലയിലെ സ്ഥാനാർത്ഥി നിർണയത്തിൽ വിസ്മയവുമായി ബി.ജെ.പി.ജില്ലയിലെ മുതിർന്ന സി.പി.എം നേതാവ് എസ്.സുന്ദരേശന്റെ മകളും സി.പി.എം വർക്കല ഏരിയ കമ്മിറ്റി അംഗവുമായ സ്മിതാ സുന്ദരേശനെ സ്ഥാനാർത്ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചു.
ബി.ഡി.ജെ.എസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ചാണ് സ്മിതാ സുന്ദരേശനെ സ്ഥാനാർത്ഥിയാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗമായ സ്മിത സ്ഥാനം രാജി വച്ചാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം സി.പി.എം സ്ഥാനാർത്ഥി അഡ്വ.വി.ജോയി നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ സ്മിതാ സുന്ദരേശനും പിതാവ് സുന്ദരേശനും ഒപ്പമുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സ്മിത ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചത്. തുടർന്ന് സ്ഥാനാർത്ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചു. മാസങ്ങൾക്ക് മുമ്പ് ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഇത് രഹസ്യമാക്കി വച്ചതോടെ സ്മിതയുടെ സ്ഥാനാർത്ഥിത്വം വിസ്മയമായി.
വർക്കലയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി അഡ്വ.ശ്രീനിവാസൻ വേണുഗോപാലിനെ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം പ്രചരണത്തിന് ഇറങ്ങിയിരുന്നില്ല. ബി.ജെ.പി ചിഹ്നത്തിൽ വർക്കലയിൽ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം പ്രവർത്തകരിൽ നിന്നും ഉയർന്നിരുന്നു. ഇക്കാര്യം എൻ.ഡി.എയിൽ ചർച്ച ചെയ്ത ശേഷമാണ് സ്ഥാനാർത്ഥിയെ മാറ്റാൻ തീരുമാനിച്ചത്. ബി.ഡി.ജെ.എസിൻ്റെ നിർദ്ദേശ പ്രകാരം പിന്മാറുകയാണെന്ന് ശ്രീനിവാസൻ വേണുഗോപാൽ
പറഞ്ഞു.
സി.പി.എമ്മിൽ മൂല്യച്യുതി സംഭവിച്ചെന്നും തന്റെ ബി.ജെ.പി പ്രവേശനത്തിന് കാരണം വർക്കലയിലെ സി.പി.എം നേതാക്കളാണെന്നും സ്മിത പറഞ്ഞു ..പിതാവ് അഡ്വ.സുന്ദരേശൻ ദീർഘകാലം സി.പി.എം വർക്കല ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവും, 2006 ലെ തിരഞ്ഞെടുപ്പിൽ വർക്കലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |