
പിണറായി വിജയൻ
ധർമ്മടം
കഴിഞ്ഞ 10 വർഷമായി കേരള മുഖ്യമന്ത്രി. തുടർഭരണം ലക്ഷ്യമിട്ട് മൂന്നാം തവണ ധർമ്മടത്ത് ജനവിധി തേടുന്നു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം. പാർട്ടി സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, കെ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് 18 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ. 1970ൽ 26-ാം വയസിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. 1977, 1991 വർഷങ്ങളിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ൽ പയ്യന്നൂരിൽ നിന്നും ജയിച്ചു. 1996 മുതൽ 98 വരെ ഇ.കെ.നായനാർ മന്ത്രിസഭയിൽ വൈദ്യുതി, സഹകരണ വകുപ്പ് മന്ത്രിയായി. ഭാര്യ: ടി.കമല. മക്കൾ: വിവേക് കിരൺ, വീണാ വിജയൻ.
കെ.കെ.ശൈലജ
പേരാവൂർ
നിലവിൽ മട്ടന്നൂരിൽ നിന്നുള്ള നിയമസഭാംഗം. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ മന്ത്രി. 1996ൽ കൂത്തുപറമ്പിൽ നിന്നും 2006ൽ പേരാവൂരിൽ നിന്നും നിയമസഭാംഗമായി. 2011ൽ പേരാവൂരിൽ മത്സരിച്ച് പരാജയപ്പെട്ടു. 2021ൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് (60,963) മട്ടന്നൂരിൽ നിന്ന് വിജയിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. മട്ടന്നൂർ പഴശ്ശിയിൽ താമസം. ശിവപുരം ഹൈസ്‌കൂളിൽ സയൻസ് അദ്ധ്യാപികയായിരുന്നു. 2004ൽ സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകയായി. ഭർത്താവ്: കെ.ഭാസ്‌കരൻ (മട്ടന്നൂർ നഗരസഭാ മുൻ ചെയർമാൻ). മക്കൾ: ലസിത്, ശോഭിത്.
അഡ്വ. സണ്ണി ജോസഫ്
പേരാവൂർ
മൂന്നുതവണ പേരാവൂരിനെ പ്രതിനിധാനം ചെയ്യുന്ന സണ്ണി ജോസഫ്, നിലവിൽ കെ.പി.സി.സി പ്രസിഡന്റാണ്. 2011ൽ പേരാവൂരിൽ നിയമസഭയിലേക്കുള്ള ആദ്യമത്സരത്തിൽ ഇത്തവണത്തെ എതിരാളി കെ.കെ.ശൈലജയെ പരാജയപ്പെടുത്തി. 2016, 2021 തിരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു. മട്ടന്നൂർ, തലശ്ശേരി, കണ്ണൂർ കോടതികളിൽ അഭിഭാഷകനായിരുന്നു. കണ്ണൂർ ഡി.സി.സി അദ്ധ്യക്ഷൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ, ജില്ലാ പഞ്ചായത്തംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ നിയമസഭയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനാണ്. ഭാര്യ: എൽസി. മക്കൾ: ആഷ റോസ്, ഡോ. അഞ്ജു റോസ്.
പി.കെ.ശ്യാമള
തളിപ്പറമ്പ്
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമാണ്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. മൊറാഴ സെൻട്രൽ യു.പി സ്‌കൂൾ അദ്ധ്യാപികയായിരുന്നു. 1995ൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായി. 2000ൽ തളിപ്പറമ്പ് നഗരസഭയുടെ ആദ്യ ചെയർപേഴ്സണും 2015ൽ ആന്തൂർ നഗരസഭയുടെ ആദ്യ ചെയർപേഴ്സണുമായി. നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ കമ്മിറ്റിയംഗം, സംസ്ഥാന ജോയിന്റ് സെകട്ടറി, സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം. മക്കൾ: ശ്യാംജിത്ത്, രഞ്ജീവ്.
രാമചന്ദ്രൻ കടന്നപ്പള്ളി
കണ്ണൂർ
കഴിഞ്ഞ രണ്ടുടേമിൽ മന്ത്രി. കണ്ണൂരിൽ നാലാമങ്കത്തിനിറങ്ങുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 1971ൽ 26-ാം വയസിൽ ഇ.കെ.നായനാരെ തോൽപിച്ചാണ് ശ്രദ്ധേയനായത്. 77ലും ആവർത്തിച്ചു. കോൺഗ്രസ് പിളർന്നപ്പോൾ 1980ൽ എൽ.ഡി.എഫിലെത്തി. 80ൽ ഇരിക്കൂറിൽനിന്ന് നിയമസഭാംഗമായി. പേരാവൂരിൽനിന്ന് രണ്ടുതവണ നിയമസഭയിലേക്കും 1996ൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എടക്കാട് മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2011ൽ നടന്ന തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് എ.പി അബ്ദുള്ളക്കുട്ടിയോട് പരാജയപ്പെട്ടു. 2016ലും 2021ലും കണ്ണൂരിൽ നിന്ന് നിയമസഭാംഗമായി. റിട്ട. അദ്ധ്യാപിക സി.എം.സരസ്വതിയാണ് ഭാര്യ. മകൻ: മിഥുൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |