
തിരുവനന്തപുരം / കൊച്ചി: 20 മിനിട്ടിൽ ചുവരെഴുത്ത് പൂർത്തിയാക്കി 'ചുവർ ബോട്ട്" തിരഞ്ഞെടുപ്പ് പ്രചാരണ കളം നിറയുന്നു. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കായാണ് പരീക്ഷണാടിസ്ഥാനത്തിൽ കൊടുന്തിരപ്പുള്ളിയിൽ ചുവർബോട്ട് ചുമരെഴുതിയത് വൈറലാണ്.
ഭാഷയും ചിഹ്നങ്ങളും എളുപ്പത്തിൽ വഴങ്ങും. എല്ലാ പ്രതലത്തിലും ഉപയോഗിക്കാനുമാകും.
എഴുതേണ്ട ഡിസൈൻ കമ്പ്യൂട്ടറിൽ സെറ്റ് ചെയ്ത് കോഡുകളാക്കി മാറ്റും. നിറങ്ങൾ മൂന്ന് അറകളിലായി നിറയ്ക്കും. തുടന്ന് ചുവരിനു മുന്നിലിട്ട റെയിലിലൂടെ യന്ത്രം തനിയെ നീങ്ങി സ്‌പ്രേ പ്രിന്റിംഗ് ചെയ്യും. ന്യൂമറിക്കൽ കൺട്രോൾ സാങ്കേിക വിദ്യയിലാണ് പ്രവർത്തനം. വാക്കുകളുടെയും വരകളുടെയും ചിത്രങ്ങളുടെയും എണ്ണമനുസരിച്ചാകും ചുവരെഴുതി തീർക്കാനുള്ള സമയം. രണ്ടുമുതൽ മൂന്നുമീറ്റർ വരെ നീളമുള്ള ചുമരിൽ 20 മിനിറ്റുകൊണ്ട് എഴുത്ത് പൂർത്തിയാക്കും. ടെക്നീഷ്യനും ഡിസൈനറുമടക്കം രണ്ട് ജീവനക്കാരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്. ചുവരെഴുതാൻ പോകുന്ന വാഹനത്തിൽ ജനറേറ്റർ, കംപ്രസർ തുടങ്ങിയ സംവിധാനങ്ങളുമുണ്ടാകും.
കേരള സ്റ്റാർട്ടപ്പ് മിഷനുകീഴിൽ പാലക്കാട്ടെ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് ലിമിറ്റഡാണ് വികസിപ്പിച്ചത്. പാലക്കാട് സ്വദേശികളും എം.ബി.ബി.എസ് ബിരുദധാരികളുമായ ഷാക്കിബ് ഗീതാഞ്ജലിയും ഭാര്യ അക്സ പീറ്ററും ചേർന്നാണ് സംരംഭം തുടങ്ങിയത്. ഒരുവർഷം കൊണ്ടാണ് ചുവർബോട്ട് വികസിപ്പിച്ചത്. ട്രയൽ റൺ പൂർത്തിയാക്കിയ ശേഷം ഒരുവർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളം ലഭ്യമാക്കും. വ്യാവസായികാടിസ്ഥാനത്തിൽ വിപണിയിലിറക്കിയാലേ വിലനിശ്ചയിക്കാനാകൂ.
എന്തും ഇവിടെയും എഴുതാം
ഫ്ലക്‌സുകളിലുൾപ്പെടെ പ്രിന്റ് ചെയ്യാം
പോളി വിനൈൽ ക്ലോറൈഡ്, ക്ലോത്ത് മെറ്റീരിയലുകൾ എന്നിവയിലും വരയ്ക്കും.
വാണിജ്യ പരസ്യം, മുനിസിപ്പൽ സന്ദേശം, ടൂറിസം ബ്രാൻഡിംഗ് തുടങ്ങിയവയ്ക്കും ഉപയോഗിക്കാം.
പൊതുജന അവബോധ ക്യാമ്പയിൻ, ടൂറിസം ബ്രാൻഡിംഗ് സ്‌കൂൾ/ കോളേജ് പ്രമോഷൻ
ചുവർബോട്ട് ശ്രദ്ധനേടിയതോടെ രാഷ്ട്രീയപാർട്ടികളുൾപ്പെടെ വിളിക്കുന്നുണ്ട്. കൂടുതൽ മെച്ചപ്പെട്ട നിലയിൽ ചുവർബോട്ടിനെ രംഗത്തിറക്കും.
-ഷാക്കിബ് ഗീതാഞ്ജലി
സി.ഇ.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |