തൃപ്രയാർ: തളിക്കുളം തളിക്കുളങ്ങര ശങ്കരനാരായണ ക്ഷേത്രത്തിൽ ഓഫീസ് കുത്തിതുറന്ന് അര പവൻ സ്വർണപ്പൊട്ടും 15,000 രൂപയും സി.സി.ടി.വി കാമറയും ഡി.വി.ആറും മോഷ്ടിച്ചു. ക്ഷേത്രത്തിനു സമീപത്തെ ഓഫീസിന്റെ ഷട്ടർ തുറന്ന് അകത്തു കടന്ന മോഷ്ടാക്കൾ മേശ കുത്തി തുറന്നാണ് പണം കവർന്നത്. ചില്ലറ നാണയങ്ങൾ കവർന്നില്ല. തുടർന്ന് ഓഫീസിനുള്ളിലെ മുറിയുടെ താഴ് തകർത്ത് അലമാര കുത്തിപ്പൊളിച്ചാണ് സ്വർണ്ണപ്പൊട്ട് മോഷ്ടിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെ അടിച്ചു തളിക്കാരൻ പ്രശാന്ത് എത്തിയപ്പോൾ ഓഫീസ് തുറന്ന നിലയിൽ കണ്ട് ക്ഷേത്ര ഭാരവാഹികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. വാടാനപ്പിള്ളി പൊലീസും ഇരിങ്ങാലക്കുടയിൽ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. പൊലീസ് നായ നൂറുമീറ്റർ ദൂരെയുള്ള തളിക്കുളങ്ങര കുളം വരെയും തിരിച്ചു വന്ന് ക്ഷേത്രത്തിനു 50 മീറ്റർ കിഴക്ക് വൈദ്യുതി പോസ്റ്റ് വരെയും പോയി നിന്നു.
ഡി.വി.ആറിന്റെ ചില അവശിഷ്ടങ്ങൾ കുളത്തിന് സമീപം കണ്ടെത്തി. പൊലീസ് പെട്രോളിംഗിന്റെ ഭാഗമായി പുലർച്ചെ 1.50 ന് പൊലീസ് എത്തി പതിവുപോലെ ക്ഷേത്രത്തിനു പുറത്തു വച്ച പുസ്തകത്തിൽ ഒപ്പിട്ടു പോകുമ്പോൾ നടപ്പുരയിൽ ലൈറ്റിട്ട നിലയിലായിരുന്നുവെന്ന് പറയുന്നു. അതേസമയം വൈകിട്ട് നട അടച്ചു പോകുമ്പോൾ ഓഫീസിന് മുന്നിലെ ഒരു ബൾബ് ഒഴികെ മറ്റെല്ലാ ലൈറ്റും ഓഫാക്കിയിരുന്നുവെന്ന് ക്ഷേത്ര സമിതി പ്രസിഡന്റ് ശശീന്ദ്രൻ വല്ലത്ത് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |