SignIn
Kerala Kaumudi Online
Saturday, 25 April 2026 4.48 PM IST

വിദേശമദ്യവുമായി 'പാഞ്ചാലി' പിടിയില്‍; കൈവശമുണ്ടായിരുന്നത് ഏഴ് ലിറ്റര്‍ സാധനം

Increase Font Size Decrease Font Size Print Page
crime

കൊച്ചി: നിരന്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ കാപ്പ ചുമത്തപ്പെട്ട ദമ്പതികളുടെ മകനെ കൊച്ചി സിറ്റി പൊലീസ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം കരുതല്‍ തടങ്കലിലടച്ചു. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഏഴ് ലിറ്റര്‍ വിദേശമദ്യവുമായി മാതാവ് പൊലീസ് പിടിയിലായി. പ്രതിയുടെ പിതാവ് നിലവില്‍ കാപ്പ നിയമപ്രകാരം ജയിലില്‍ കഴിയുകയാണ്.


തിരുവനന്തപുരം പേട്ട പള്ളികുളങ്ങര മാനവനഗര്‍ വയലില്‍ വീട്ടില്‍ കണ്ണനെയാണ് (പാഞ്ചാലി കണ്ണന്‍ 26) ഒരു വര്‍ഷത്തേക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. പ്രതിയുമായി പൊലീസ് സംഘം പുറപ്പെടുന്നതിന് മുമ്പായി മാതാവ് രേഷ്മയെ (പാഞ്ചാലി രേഷ്മ 48) വിദേശമദ്യവുമായി എറണാകുളം മാര്‍ക്കറ്റ് പരിസരത്ത് നിന്ന് സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണന്റെ പിതാവ് തിരുവനന്തപുരം കടകമ്പള്ളി കണ്ണംതറ സ്വദേശി തിയോഫിന്‍ ഒന്‍പത് മാസത്തെ കരുതല്‍ തടങ്കലില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.


ഭീഷണിപ്പെടുത്തി കവര്‍ച്ച, കൊലപാതകശ്രമം, നരഹത്യാശ്രമം ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതിയായ കണ്ണനെ 2025-ല്‍ ആറു മാസത്തേക്ക് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ഡിസംബറില്‍ പുറത്തിറങ്ങിയ ശേഷം എറണാകുളം മാര്‍ക്കറ്റില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ചതിന് ഫെബ്രുവരിയില്‍ പിടിയിലായി. കാക്കനാട് ജില്ലാ ജയിലില്‍ കഴിയവെയാണ് വീണ്ടും കാപ്പ ചുമത്താന്‍ നടപടി തുടങ്ങിയത്. ഇത്തവണ ഒരു വര്‍ഷത്തേക്കാണ് കാപ്പ ചുമത്തിയത്.


എറണാകുളം നഗരത്തില്‍ അനധികൃത മദ്യവിതരണം നടത്തുന്ന രേഷ്മയെ 2025 ഏപ്രിലില്‍ കാപ്പ ചുമത്തി ആറു മാസത്തേക്ക് ജില്ലയില്‍ നിന്ന് നാടുകടത്തിയിരുന്നു. വിലക്ക് ലംഘിച്ച് പാലാരിവട്ടം മാമംഗലം ഭാഗത്ത് രഹസ്യമായി താമസിക്കുന്നതിനിടെ നവംബറില്‍ പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. കാപ്പ ലംഘിച്ച കേസില്‍ ജാമ്യത്തില്‍ കഴിയവെയാണ് അനധികൃത മദ്യവിതരണത്തിന് ഇന്നലെ അറസ്റ്റിലായത്. ഇവര്‍ ഏഴ് അബ്കാരി, ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.


എറണാകുളം പനമ്പിള്ളിനഗറിലെ കോടതി വളപ്പില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി പല്ലുകള്‍ തല്ലിപ്പൊട്ടിച്ച കേസില്‍ അറസ്റ്റിലായപ്പോഴാണ് ഭര്‍ത്താവ് തിയോഫിനെ (അനില്‍) ഗുണ്ടാ വിരുദ്ധ നിയമം ചുമത്തി വിയ്യൂര്‍ അതീവസുരക്ഷാ ജയിലിലടച്ചത്. ഭീഷണിപ്പെടുത്തി പണാപഹരണം, നരഹത്യാശ്രമം, അടിപിടി തുടങ്ങിയ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. രേഷ്മയും ഭര്‍ത്താവും വര്‍ഷങ്ങളായി എറണാകുളം നഗരത്തിലും പരിസരങ്ങളിലുമാണ് താമസിക്കുന്നത്.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.