
ഇറാന് നേരെ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന ആക്രമണം ആരംഭിച്ചിട്ട് ഒരു മാസത്തോളമാകുന്നു. ഇതിന് പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്തുകയാണ്. പല ലോകരാജ്യങ്ങളും യുദ്ധത്തിൽ അപലപിച്ചു. ഇതിനിടെ ഇറാനിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി സ്വർണം, പണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്‌തുക്കൾ സംഭാവന ചെയ്‌തിരിക്കുകയാണ് ഇന്ത്യയിലെ ഒരു പ്രദേശത്തെ ജനങ്ങൾ.
മറ്റാരുമല്ല കാശ്‌മീരിലെ ജനങ്ങളാണ് ഇറാന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഇറാൻ എംബസിയാണ് ഇതുസംബന്ധിച്ച വിവരം എക്‌സ് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 'ഹൃദയപൂർവം നന്ദി. ഇറാനിലെ ജനങ്ങൾക്കൊപ്പം നിന്നതിന് കാശ്‌മീരിലെ ദയാലുക്കളായ ജനങ്ങൾക്ക് ഞങ്ങൾ ആത്മാർത്ഥമായി നന്ദി പറയുന്നു. ഈ ദയ ഒരിക്കലും മറക്കില്ല. നന്ദി ഇന്ത്യ' - എന്നാണ് ഇറാൻ എംബസിയുടെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
കാശ്‌മീരികൾ ഇറാന് നൽകുന്ന പിന്തുണ
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ടെഹ്‌റാനിൽ വ്യോമാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യൻ യുദ്ധങ്ങൾക്ക് തുടക്കമായത്. കാശ്‌മീരിലുടനീളമുള്ള നിരവധി മുസ്ലീം വിഭാഗത്തിൽപ്പെട്ട ജനങ്ങൾ ഇറാനെ പിന്തുണച്ചുകൊണ്ട് സ്വർണം, പണം, ചെമ്പ് തുടങ്ങിയ വിലപിടിപ്പുള്ള വസ്‌തുക്കൾ നൽകാൻ തീരുമാനിച്ചു. ഈദ് ആഘോഷങ്ങൾക്ക് ശേഷം കാശ്‌മീരിലെ താഴ്‌വരയിലുള്ള യുവാക്കൾ ഇറാനിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള സഹായത്തിനായി വീടുവീടാന്തരം കയറി സംഭാവനകൾ ശേഖരിച്ചു. സ്‌ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങൾ ഇതിന്റെ ഭാഗമായി.

സ്‌ത്രീകളാണ് ഉദാരമായ സംഭാവനകൾ നൽകിയത്. പ്രത്യേകിച്ച് സ്വർണാഭരണങ്ങൾ, ചെമ്പ് പാത്രങ്ങൾ, മറ്റ് വിലപിടിപ്പുള്ള വീട്ടുപകരണങ്ങൾ എന്നിവ സംഭാവന ചെയ്‌തു. ചില കുടുംബങ്ങൾ കന്നുകാലികളെ പോലും കൊടുക്കാമെന്ന് പറഞ്ഞു. 'ഇറാനിൽ ഇപ്പോൾ നടക്കുന്ന യുദ്ധം വലിയ നാശനഷ്‌ടങ്ങൾ വരുത്തിയിട്ടുണ്ട്. നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ സഹായമാണ് അവർക്ക് വേണ്ടിയുള്ള സഹായം അയക്കുക എന്നത്' - പ്രദേശവാസിയായ ഐജാസ് അഹമ്മദ് പറഞ്ഞു.
ഒരു സ്‌ത്രീ 28 വർഷം മുമ്പ് മരിച്ച തന്റെ ഭർത്താവിന്റെ ഓർമയ്‌ക്കായി സൂക്ഷിച്ചിരുന്ന സ്വർണം ഇറാനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്‌തു. കാശ്‌മീരിലെ മറ്റൊരു യുവാവ് ഇറാനിലെ ജനങ്ങൾക്ക് സഹായം നൽകാനായി തന്റെ റോയൽ എൻഫീൽഡ് ബൈക്ക് വിൽപ്പനയ്‌ക്ക് വച്ചു. മറ്റൊരു പുരുഷൻ അയാളുടെ കാർ വിറ്റു. ഒരു സ്‌ത്രീ അടുക്കള ഉപകരണങ്ങൾ വിറ്റു.
ആക്‌ടിവിസ്‌റ്റുകളും സന്നദ്ധ പ്രവർത്തകരും പള്ളികളും വീടുകളും കയറി സഹായമഭ്യർത്ഥിക്കുകയാണ്. ആഭരണങ്ങൾ സംഭാവന ചെയ്‌തപ്പോൾ മനസിന്റെ ഉള്ളിൽ നിന്നും സന്തോഷം ലഭിച്ചതായാണ് മാഗം ടൗൺഷിപ്പിലെ താമസക്കാരിയായ നൗഷീൻ സഹ്‌റ പറഞ്ഞത്. വിവാഹസമയത്ത് ഭർത്താവ് നൽകിയ സ്വർണം, വെള്ളി ആഭരണങ്ങളാണ് അവർ സംഭാവന ചെയ്‌തത്. സൗഹൃദവും ആഴത്തിലുള്ള വൈകാരിക ബന്ധവും പുലർത്തുന്ന ഒരു രാജ്യത്തുണ്ടായ ആക്രമണത്തിൽ തനിക്ക് ചെയ്യാൻ പറ്റിയ ഏറ്റവും കുറഞ്ഞ കാര്യമാണിതെന്നും സഹ്‌റ കൂട്ടിച്ചേർത്തു.

ഇറാനിയൻ എംബസി നൽകുന്ന അക്കൗണ്ടിലേക്കാണ് പണം കൈമാറിയിരിക്കുന്നത്. കുട്ടികൾ പോലും അവരുടെ ചെറിയ സമ്പാദ്യത്തിൽ നിന്ന് സംഭാവന നൽകിയെന്നാണ് അധികൃതർ പറയുന്നത്. സാധാരണ ജനങ്ങൾ മാത്രമല്ല, ബുഡ്‌ഗാമിൽ നിന്നുള്ള നിയമസഭാംഗമായ മുൻതാസിർ മെഹ്ദി തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധം
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണം ടെഹ്‌റാൻ സ്ഥിരീകരിച്ചപ്പോൾ ജമ്മു കാശ്മീരിലുടനീളം പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി ഉദ്യോഗസ്ഥർ രണ്ട് ദിവസത്തേക്ക് സ്‌കൂളുകളും കോളേജുകളും അടച്ചിടുകയും പ്രധാന റോഡുകളിൽ ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. പ്രതിഷേധക്കാർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്‌തു. യുഎസിനും ഇസ്രായേലിനുമെതിരായ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാർ എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |