
ടെഹ്‌റാൻ: ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ (എസ്എൻഎസ്‌സി) സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോർഗദർ നിയമിതനായി. ഇറാന്റെ യുദ്ധതന്ത്രങ്ങൾ, ആണവ നയം, വിദേശ ഭീഷണികൾ ഇവയിലെല്ലാം തീരുമാനമെടുക്കാൻ കഴിയുന്ന ശക്തമായ സംഘടനയാണ് എസ്എൻഎസ്‌സി. സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായിരുന്ന അലി ലാരിജാനി കൊല്ലപ്പെട്ടതോടെയാണ് സോർഗദറിനെ നിയമിച്ചത്. ഇറാൻ ഭരണകൂടം വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാർച്ച് 17ന് മകനും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പമാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) റിട്ടയേർഡ് സീനിയർ കമാൻഡറാണ് മുഹമ്മദ് ബാഗർ സോർഗദർ. ഇറാന്റെ സൈനിക, സുരക്ഷാ മേഖലകളിൽ ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യം അദ്ദേഹത്തിനുണ്ട്. ഇറാൻ ഭരണകൂടത്തിലെ സുരക്ഷാ സംവിധാനത്തിലെ പ്രവർത്തനങ്ങളെതുടർന്ന് യൂറോപ്യൻ യൂണിയൻ, കാനഡ, ഒപ്പം മറ്റ് ചില രാജ്യങ്ങളും അദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം പ്രധാനമന്ത്രി മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇറാൻ-അമേരിക്ക സംഘർഷത്തെക്കുറിച്ച് ചർച്ച നടത്തിയെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ എക്‌സിൽ കുറിച്ചു, ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതടക്കം മദ്ധ്യേഷ്യയിലെ വിവിധ വിഷയങ്ങൾ ഇരുനേതാക്കളും സംസാരിച്ചു എന്നും അദ്ദേഹം അറിയിച്ചു.
ഇറാനും യുഎസ് ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ പാകിസ്ഥാൻ തയ്യാറായെത്തിയെന്ന് ഇതിനിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം പ്രയോജനപ്പെടുത്തി യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നുണ്ടെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇസ്ലാമാബാദിൽ വച്ച് ഈ ആഴ്ച തന്നെ ഇറാനിലെയും യുഎസിലെയും ഉന്നത പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |