ആലപ്പുഴ: അനധികൃതമായി പ്രവർത്തിച്ച ചൈനീസ് നിർമ്മിത ഡ്രോൺ കസ്റ്റംസ് പിടിച്ചെടുത്തു. ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ട് മുഖേന ഹരിപ്പാട് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡ്രോൺ കണ്ടെത്തിയത്. 50 കിലോ തൂക്കമുള്ള 20 ലക്ഷം വിലയുള്ള ഡ്രോണാണ് പിടിച്ചെടുത്തത്. കസ്റ്റംസ് നടത്തിയ പരിശോധനയിൽ അനധികൃതമായി ഇറക്കുമതി ചെയ്ത ചൈനീസ് നിർമ്മിത ഡ്രോണാണെന്ന് കണ്ടെത്തുകയായിരുന്നു. ഡ്രോൺ ഉപയോഗിക്കുന്നതിന് ഡി.ജി.സി.എ അനുമതി ആവശ്യമാണ്. പള്ളിപ്പാട് പഞ്ചായത്തിൽ പാടത്ത് മരുന്ന് അടിക്കാനാണ് ഡ്രോൺ എത്തിച്ചത്. കോട്ടയം സ്വദേശിയായ ജിതിൻ ഷാജിയുടെ ഉടമസ്ഥതയിലുള്ളതാണ് ഡ്രോൺ. ജിതിന് ലൈസൻസ് ഉള്ളതാണെന്ന് ഹരിപ്പാട് പൊലീസ് പറഞ്ഞു. ഇത്തരം ഡ്രോണുകളുടെ ഇറക്കുമതി, അനധികൃത കൈവശം വയ്ക്കൽ, ഉപയോഗം എന്നിവ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |