
കൊച്ചി: ശബരിമല കട്ടിളപ്പാളി കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. ദ്വാരപാലക ശില്പങ്ങളുടെ കേസിൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ നേരത്തേ ഹർജി നൽകിയിരുന്നു. ഈ കേസിൽ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
കട്ടിളപ്പാളിയിലെ സ്വർണക്കവർച്ചയിൽ എസ്.ഐ.ടി രജിസ്റ്റർ ചെയ്ത കേസിൽ കൊല്ലം വിജിലൻസ് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാണ് പുതിയ ഹർജിയിലെ ആവശ്യം. തന്ത്രിക്ക് നോട്ടീസയയ്‌ക്കാൻ ജസ്റ്റിസ് കെ. ബാബു നിർദ്ദേശിച്ചു. രണ്ടു ഹർജികളും പിന്നീട് ഒരുമിച്ച് പരിഗണിക്കും.
കേസിൽ തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്ന് വിജിലൻസ് കോടതി നിരീക്ഷിച്ചിരുന്നു. ഇത് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ തടസമാകുമെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടി. തന്ത്രിക്കെതിരെ ശക്തമായ തെളിവുകളില്ലെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ പ്രോസിക്യൂഷൻ രേഖകളോ കേസ് ഡയറിയോ പരിശോധിക്കാതെയാണ്. തന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ധാരാളം തെളിവുകൾ പ്രോസിക്യൂഷൻ രേഖകളിലുണ്ട്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ക്ലീൻ ചിറ്റ് നൽകുന്നത് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് തടസമാകും. അതിനാൽ, ഹർജിയിൽ തീർപ്പാകും വരെ സ്റ്റേ അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നു.
കട്ടിളപ്പാളി കേസിൽ 13-ാം പ്രതിയും ദ്വാരപാലകശില്പ കേസിൽ 16-ാം പ്രതിയുമാണ് തന്ത്രി രാജീവര്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |