ന്യൂഡൽഹി: 'അന്തസോടെയുള്ള ജീവിതത്തിൽ അന്തസോടെയുള്ള മരണവും ഉൾപ്പെട്ടിരിക്കുന്നു. ഭരണഘടന ഉറപ്പുനൽകുന്നതാണത്'. ഹരീഷ് റാണയ്‌ക്ക് ദയാമരണം അനുവദിച്ചു കൊണ്ടുള്ള ചരിത്രവിധിയിൽ ജസ്റ്റിസ് ജെ.ബി. പർദിവാല, മലയാളി ജഡ്‌ജി കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് എഴുതിയതാണിത്. ഹരീഷിന് അസ്വസ്ഥതയുണ്ടാക്കരുതെന്നും അദ്ദേഹത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും പരമോന്നത കോടതി നിർദ്ദേശിച്ചിരുന്നു. ചികിത്സ പിൻവലിക്കൽ മാനുഷിക രീതിയിലായിരിക്കണം. രോഗിയെ ഉപേക്ഷിക്കുന്നുവെന്ന മട്ടിലാകരുതെന്ന് കർശന നിർദ്ദേശം നൽകി. അതെല്ലാം അക്ഷരംപ്രതി പാലിച്ചുകൊണ്ടായിരുന്നു ഡൽഹി എയിംസിലെ ദയാമരണ പ്രക്രിയ. ഗാസിയാബാദ് ചീഫ് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ റിപ്പോർട്ടും, ഡൽഹി എയിംസിന്റെ മെഡിക്കൽ ബോർഡ് റിപ്പോർട്ടും പരിഗണിച്ചാണ് ദയാമരണത്തിന് അനുമതി നൽകിയത്. കണ്ണുകൾക്ക് മാത്രമായിരുന്നു അനക്കം. സംസാരശേഷി പൂർണമായും നഷ്‌ടപ്പെട്ടിരുന്നു. ദേഹത്ത് വൃണങ്ങൾ. മെലിഞ്ഞ് എല്ലുംതോലുമായി. 100 ശതമാനം ശാരീരിക വൈകല്യം. വിശപ്പുണ്ടെങ്കിൽ അക്കാര്യം പ്രകടിപ്പിക്കാൻ പോലും ചലനങ്ങളില്ലായിരുന്നു.
മറക്കാനാകുമോ ഈവാക്കുകൾ
'ഹരീഷിന്റെ കുടുംബത്തോട്, ഈ തീരുമാനം വഹിക്കുന്ന ആഴത്തിലുള്ള വൈകാരിക ഭാരം പരമോന്നത നീതിപീഠം അംഗീകരിക്കുന്നു. ഈ തീരുമാനം ഒരു കീഴടങ്ങൽ പോലെ തോന്നാം, പക്ഷേ വാസ്‌തവത്തിൽ അത് അഗാധമായ കാരുണ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രവൃത്തിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങൾ നിങ്ങളുടെ മകനെ ഉപേക്ഷിക്കുന്നില്ല. നിങ്ങൾ അവനെ അന്തസോടെ പോകാൻ അനുവദിക്കുന്നു. അത് അവനോടുള്ള നിങ്ങളുടെ നിസ്വാർത്ഥ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ആഴത്തെ പ്രതിഫലിപ്പിക്കുന്നു.'
അരുണ കോമയിൽ കിടന്നത് 42 വർഷത്തോളം
1973ൽ മുംബയിലെ കെ.എം.ഇ ആശുപത്രിയിൽ ലൈംഗികാതിക്രമത്തിന് ഇരയായ നഴ്സ് അരുണ ഷാൻബാഗ് 42 വർഷത്തിലധികമാണ് കോമയിൽ കിടന്നത്. ആ കേസിലാണ് ദയാവധ വിഷയം സജീവമായത്. 2011 മാർച്ച് ഏഴിന് സുപ്രീംകോടതി ദയാവധത്തിന് മാർഗരേഖ പുറത്തിറക്കിയെങ്കിലും, അരുണയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ എടുത്തുമാറ്റാൻ ആശുപത്രി ജീവനക്കാർ തയ്യാറായില്ല. 2015 മേയ് 18ന് ന്യൂമോണിയ ബാധിച്ച് അരുണ ഷാൻബാഗ് ഭൂമിയോട് വിടപറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |