SignIn
Kerala Kaumudi Online
Wednesday, 25 March 2026 7.09 PM IST

ഇന്ത്യക്കാരുടെ ബിയറടി മുട്ടുമോ? പ്രശ്നം രൂക്ഷമായാൽ സർക്കാരിന് നഷ്ടം 1300 കോടി; കാരണം

Increase Font Size Decrease Font Size Print Page
beer

പശ്ചിമേഷ്യയിൽ യുദ്ധം പുകഞ്ഞതോടെ ഓരോ രാജ്യങ്ങളിലും വിവിധ തരത്തിലുള്ള പ്രതിസന്ധികളാണ് നേരിടുന്നത്. എണ്ണ, പാചകവാതകം അടക്കമുള്ള ചരക്ക് ഗതാഗതങ്ങളെ യുദ്ധം വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. പാചകവാതകം കിട്ടാത്തതിനെ തുടർന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഹോട്ടലുകൾ അടച്ചുപൂട്ടിയിരിക്കുകയാണ്. ടൂറിസം അടക്കമുള്ള മേഖലകളെയും ഇത് ഇരുട്ടിലാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ഈ യുദ്ധം ഇന്ത്യയിലെ മദ്യപാനികളെയും ബിയർ നിർമ്മാതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ബിയർ വിതരണം ചെയ്യുന്ന ഗ്ലാസ് കുപ്പികൾ, അലുമിനിയം കാനുകൾ എന്നിവയുടെ ലഭ്യതക്കുറവാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധികൾക്ക് പ്രധാനകാരണം. ഹൈനെകെൻ, എബി ഇൻബെവ് തുടങ്ങിയ ആഗോള ബ്രൂവറികൾ പാക്കേജിംഗ് ചെലവുകൾ 10 മുതൽ 12 ശതമാനം വർദ്ധിപ്പിച്ചിരിക്കുകയാണ്. ഈ കൊടും വേനൽക്കാലത്ത് വരാനിരിക്കുന്ന വിലക്കയറ്റത്തെക്കുറിച്ചും ഉണ്ടാകാനിടയുള്ള ക്ഷാമത്തെക്കുറിച്ചും കമ്പനികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

അലുമിനിയം കാനുകളുടെ ക്ഷാമം
ഇന്ത്യയിലെ ബിയർ വിൽപ്പനയുടെ 20 ശതമാനത്തോളം നടക്കുന്നത് അലുമിനിയം കാനുകളിലൂടെയാണ്. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ഇത് 80 ശതമാനം വരെയാണ്. അലുമിനിയം കാനുകൾ നിർമ്മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയെയും വിതരണ ശൃംഖലയെയും യുദ്ധം സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ ഇറക്കുമതി ചെയ്യുന്ന അലുമിനിയം കാനുകൾക്ക് ബി.ഐ.എസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവന്നിരുന്നു. യുദ്ധം കാരണം അന്താരാഷ്ട്ര വിതരണക്കാർക്ക് ഈ സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു.

ആഭ്യന്തര ഉൽപ്പാദനത്തിലെ പരിമിതികൾ
ഇന്ത്യയിലെ പ്രമുഖ കാൻ നിർമ്മാതാക്കളായ ബോൾ ബിവറേജ് പാക്കേജിംഗ്, കാൻപാക്ക് എന്നിവർ നിലവിൽ തങ്ങളുടെ പരമാവധി ശേഷിയിലാണ് പ്രവർത്തിക്കുന്നതെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ആവശ്യത്തിനനുസരിച്ച് കാനുകൾ നിർമ്മിക്കാൻ ഇവർക്ക് ഇനിയും മാസങ്ങൾ വേണ്ടിവരും. ഈ വിടവ് നികത്താൻ വിദേശ രാജ്യങ്ങളെ ആശ്രയിക്കുകയല്ലാതെ മറ്റു വഴികളില്ല. കാനുകളുടെ ക്ഷാമം കാരണം ബിയർ വിതരണം തടസപ്പെട്ടാൽ സർക്കാരിന് ലഭിക്കേണ്ട നികുതി വരുമാനത്തിൽ ഏകദേശം 1,300 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്ന് 'ബ്രൂവേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ' മുന്നറിയിപ്പ് നൽകുന്നു. ഇത് ബിയർ കമ്പനികളെ മാത്രമല്ല, കൃഷി, ലോജിസ്റ്റിക്സ്, റീട്ടെയിൽ മേഖലകളെയും ദോഷകരമായി ബാധിക്കും.

ഗ്ലാസ് കുപ്പികളുടെ ലഭ്യതക്കുറവ്
അലുമിനിയം കാനുകൾക്ക് പുറമെ, ബിയർ കുപ്പികൾ നിർമ്മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയെയും ഇറാൻ സംഘർഷം ബാധിച്ചിട്ടുണ്ട്. ഇന്ധനവില വർദ്ധനവും കപ്പൽ ഗതാഗതത്തിലെ തടസങ്ങളും ബിയർ ഉൽപ്പാദന ചെലവ് വർദ്ധിപ്പിക്കാൻ കാരണമാകുന്നു. യുദ്ധം കാരണം പാക്കേജിംഗ് സാമഗ്രികൾ കിട്ടാനില്ലാത്തതാണ് ബിയർ വ്യവസായം നേരിടുന്ന പ്രധാന വെല്ലുവിളി. ഈ പ്രതിസന്ധി മറികടക്കാൻ ബി.ഐ.എസ് നിയമങ്ങളിൽ ഇളവ് നൽകണമെന്നും ഇറക്കുമതി എളുപ്പമാക്കണമെന്നുമാണ് ബിയർ കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്.

TAGS: INDIA, BEER, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.