
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനായി മുന്നോട്ടുവച്ച സമാധാന പദ്ധതി ഇറാൻ തള്ളിയതോടെ, പേർഷ്യൻ ഉൾക്കടലിലെ ഖാർഗ് ദ്വീപിനെ കരയാക്രമണത്തിലൂടെ പിടിച്ചെടുത്ത് ഇറാനെ സമ്മർദ്ദത്തിലാക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം തുടങ്ങി.
യു.എസ് ആർമിയുടെ 82-ാം എയർബോൺ ഡിവിഷനിലെ 4000 ത്തോളം സൈനികരെ ഉടൻ പശ്ചിമേഷ്യയിൽ വിന്യസിക്കും. പാരച്യൂട്ടുകൾ വഴി ലക്ഷ്യസ്ഥാനങ്ങളിൽ ഇറങ്ങി ശത്രുവിനെ ആക്രമിക്കാൻ വിദഗ്ദ്ധരാണ് ഇവർ. ഇതിനു പുറമേ, 5000 മറീൻ സൈനികരുമായി പടക്കപ്പലുകൾ ഉടൻ മേഖലയിലെത്തും.
ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കടന്നുപോകുന്നത് ഖാർഗിലൂടെയാണ്. ഖാർഗിനെ വച്ച് വിലപേശിയാൽ ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും സമാധാന കരാറിന് വഴങ്ങുമെന്നും യു.എസ് കരുതുന്നു. കരയാക്രമണത്തിന് മുതിർന്നാൽ, പേർഷ്യൻ ഉൾക്കടലിൽ മുഴുവൻ നേവൽ മൈനുകൾ വിതറുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
# ട്രംപിന്റെ നിർദ്ദേശങ്ങൾ
ഇറാന്റെ നതാൻസ്, ഇസ്ഫഹാൻ, ഫോർഡോ ആണവ കേന്ദ്രങ്ങൾ ഇല്ലാതാക്കണം. നീക്കങ്ങൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി നിരീക്ഷിക്കും. ആണവശേഷി ഇല്ലാതാക്കണം. സമ്പുഷ്ടീകരിച്ച യുറേനിയം ഏജൻസിക്ക് നൽകണം. ഭാവിയിൽ ആണവായുധങ്ങൾ പാടില്ല. മിസൈലുകളുടെ പരിധി നിയന്ത്രിക്കണം
വൈദ്യുതിക്ക് യു.എസിന്റെ സഹകരണത്തോടെ ബുഷെഹറിൽ സിവിലിയൻ ആണവ പദ്ധതി നടപ്പാക്കും. ഇറാന് ഏർപ്പെടുത്തിയ മുഴുവൻ ഉപരോധങ്ങളും നീക്കും
ഹമാസ്, ഹൂതി, ഹിസ്ബുള്ള തുടങ്ങിയവയുമായുള്ള ബന്ധം ഇറാൻ വിച്ഛേദിക്കണം. ഹോർമുസ് കടലിടുക്ക് സ്വതന്ത്ര സമുദ്ര മേഖലയാക്കണം
# ഇറാൻ പറയുന്നത്
ആക്രമണം പൂർണ്ണമായി അവസാനിപ്പിക്കണം. യുദ്ധം ആവർത്തിക്കില്ലെന്ന ഉറപ്പ്
നഷ്ടപരിഹാരം വേണം. മേഖലയിലെ എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണം
ഹോർമുസ് കടലിടുക്കിൽ ഇറാനുള്ള പരമാധികാരം അംഗീകരിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |