SignIn
Kerala Kaumudi Online
Friday, 24 April 2026 5.04 PM IST

അവകാശവാദങ്ങൾ എല്ലാം തെറ്റ്, ഉപരോധം തുടർന്നാൽ ഹോർമുസ് വീണ്ടും അടച്ചിടും: ട്രംപിനെ തള്ളി ഇറാൻ

Increase Font Size Decrease Font Size Print Page
trump

ടെഹ്റാൻ: അമേരിക്കയുടെ നാവിക ഉപരോധം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിടുമെന്ന മുന്നറിയിപ്പുമായി ഇറാൻ. സമാധാന കരാറിൽ എത്തുന്നതുവരെ ഉപരോധം പിൻവലിക്കില്ലെന്നും ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ബോംബാക്രമണം വീണ്ടും തുടങ്ങുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിമുഴക്കിയതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.

കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് തങ്ങളുടെ അനുമതിയും പ്രത്യേക റൂട്ടും ആവശ്യമാണെന്നാണ് ഇറാന്റെ അവകാശവാദം. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ് ആണ് എക്സിലൂടെ ട്രംപിന് മുന്നറിയിപ്പ് നൽകിയത്. ഇറാന്റെ പക്കലുള്ള യൂറേനിയം ശേഖരം അമേരിക്കയിലേക്ക് മാ​റ്റുന്നതുമായി ബന്ധപ്പെട്ട ട്രംപിന്റെ അവകാശവാദങ്ങളും ഇറാൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.

ലെബനനിലെ വെടിനിർത്തലിന് അനുസൃതമായി നിശ്ചിത റൂട്ടിലൂടെയുള്ള യാത്ര അനുവദനീയമാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ പറഞ്ഞിരുന്നത്. ഇതിന് മറുപടിയായാണ് ഇറാനുമായുള്ള ഇടപാടുകൾ പൂർത്തിയാകുന്നത് വരെ കടലിടുക്കിലെ നാവിക ഉപരോധം നിലനിൽക്കുമെന്ന് ട്രംപ് വ്യക്തമാക്കിയത്. കരാറിലെത്തിയില്ലെങ്കിൽ യുഎസ് വീണ്ടും ബോംബുകൾ വർഷിക്കാൻ തുടങ്ങിയേക്കുമെന്നും ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഹോർമുസിലൂടെയുള്ള യാത്ര നിശ്ചിത റൂട്ടിലൂടെ ഇറാന്റെ അനുമതിയോടെ മാത്രമേ നടത്താവൂ എന്ന് വ്യക്തമാക്കി അരാഗ്ചി രംഗത്തെത്തിയത്.


ട്രംപ് ഒരു മണിക്കൂറിനുള്ളിൽ നടത്തിയ ഏഴ് അവകാശവാദങ്ങളും തെ​റ്റാണെന്നും നുണകൾ കൊണ്ട് യുദ്ധം ജയിക്കാനാവില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവനകളോടുള്ള ഘാലിബഫിന്റെ പ്രതികരണം. എന്നാൽ, ഈ അവകാശവാദങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. 'ഒരു മണിക്കൂറിൽ ഏഴ് അവകാശവാദങ്ങളാണ് ട്രംപ് നടത്തിയത്. ആ ഏഴ് അവകാശവാദങ്ങളും തെ​റ്റായിരുന്നു. നുണകൾ കൊണ്ട് യുദ്ധം ജയിക്കാൻ അവർക്ക് കഴിഞ്ഞില്ല. സമാധാന ചർച്ചകളിലും അവർ എവിടെയും എത്താൻ പോകുന്നില്ല. ഉപരോധം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കില്ല. തുറക്കണോ അടയ്ക്കണോ എന്നത് തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയല്ല.' എന്നാണ് ഘാലിബഫ് കുറിച്ചത്.

ഇറാന്റെ ആണവ കേന്ദ്രങ്ങളിൽനിന്ന് സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്ത് അമേരിക്കയിലേക്ക് മാ​റ്റുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇറാന്റെ യുറേനിയം ശേഖരം ഒരിടത്തേക്കും മാ​റ്റില്ലെന്നും അത്തരമൊരു വിഷയം ചർച്ചകളിൽ ഉയർന്നു വന്നിട്ടില്ലെന്നും വ്യക്തമാക്കിയ ഇറാൻ വിദേശകാര്യ മന്ത്രാലയം ഈ അവകാശവാദവും നിഷേധിച്ചു.

ഇന്ത്യയിലേക്കുൾപ്പെടെ എണ്ണ എത്തുന്ന അതിനിർണായക പാതയാണ് ഹോർമുസ്. ഇറാനാണ് ഇതിന്റെ നിയന്ത്രണം. അമേരിക്കയുമായുള്ള യുദ്ധത്തെത്തുടർന്ന് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ പെട്രോൾ, ഡീസൽ വിലകൾ കാര്യമായി കൂടിയിരുന്നു. പ്രകൃതിവാതകത്തിനും കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്.


ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന നിർണ്ണായക പാതയാണ് ഹോർമുസ് കടലിടുക്ക്. ഇറാൻ യുദ്ധത്തിനിടയിൽ ഏകദേശം രണ്ട് മാസത്തോളം ഇത് അടച്ചിട്ടത് ആഗോള എണ്ണവിലയെയും വിതരണത്തെയും സാരമായി ബാധിച്ചിരുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും എത്തിക്കുന്നുണ്ട്.

TAGS: NEWS 360, WORLD, WORLD NEWS, TRUMP, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.