
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ കവർച്ച നടന്ന കാലയളവിൽ രാജകുടുംബാംഗം ഗൗരി പാർവതി ബായിയുടെ ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്തതായി കണ്ടെത്തി.
ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് കരുതുന്നു.
കൊട്ടാരത്തിൽ സ്വർണക്കവർച്ച നടന്ന ഒക്ടോബർ നവംബർ മാസങ്ങളിലാണ് അക്കൗണ്ടും ഹാക്ക് ചെയ്തത്.
വിശദമായ അന്വേഷണം നടന്നാലേ തട്ടിപ്പിന്റെ ആഴം വ്യക്തമാവുകയുള്ളൂ. ബാങ്കുകളിൽ നൽകിയിട്ടുള്ള ഇമെയിൽ വിലാസമാണിത്. ഡിജിറ്റൽ ഇടപാടിൽ ഒ. ടി. പി ഉൾപ്പെടെയുള്ളവ ഇമെയിലിലേക്കാണ് വരുന്നത്. നെറ്റ് ബാങ്കിങ്ങുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് പ്രധാനമായും ഉപയോഗിക്കുന്നത് ഇ മെയിൽ അക്കൗണ്ടാണ്. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തുക നഷ്ടപ്പെട്ടിട്ടുണ്ടോയെന്നു കൊട്ടാരം വെളിപ്പെടുത്തിയിട്ടില്ല. കൊട്ടാരത്തിൽ നിന്ന് കൂടുതൽ ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും പ്രത്യേക അന്വേഷണ സംഘത്തിന് സംശയമുണ്ട്. ആകെ ഉണ്ടായിരുന്ന ആഭരണങ്ങൾ ഏതൊക്കെയെന്നും ഇപ്പോൾ ബാക്കിയുള്ളവ ഏതൊക്കെയെന്നും കൊട്ടാരത്തിലുള്ളവർ വെളിപ്പെടുത്തിയിട്ടില്ല.
ഇന്നലെ പ്രത്യേക അന്വേഷണസംഘം കൊട്ടാരത്തിലെ ജീവനക്കാരുടെ വിരലടയാളം ശേഖരിച്ചിരുന്നു. ഇത് വിശദമായി പരിശോധിക്കും.
കൊട്ടാരത്തിൽ 2025 ഓഗസ്റ്റ് മുതൽ ചില യൂട്യൂബർമാർ ചിത്രീകരണത്തിന് എത്തിയിരുന്നു. സ്വീകരണ മുറിയും മുകളിലെ മുറിയും ഇവർ ചിത്രീകരിച്ചിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുന്നു. ഇവരിൽ ആർക്കെങ്കിലും ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്.ഇതുവഴി കൊട്ടാരത്തിലെ വഴികളും മുറികളും മനസ്സിലാക്കിയവരാണ് മോഷണത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |