
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ കുറ്റപത്രം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമേ ഉണ്ടാകൂ എന്ന് ഉറപ്പായി. സന്നിധാനത്തെ ലോഹപ്പാളികളുടെ വിശദമായ സാമ്പിൾ പരിശോധനാ ഫലം ലഭ്യമാക്കാൻ ഏപ്രിൽ അവസാനമാകുമെന്ന് ജംഷഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി അറിയിച്ചതായി എസ്.ഐ.ടി അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എസ്. ശശിധരൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. ഇതോടെ, അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി മേയ് 18വരെ സമയം അനുവദിച്ചു. എസ്.ഐ.ടി അന്വേഷണം ശരിയായ ദിശയിൽ ചിട്ടയോടെയാണ് പുരോഗമിക്കുന്നതെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനാ ഫലം വരാതെ സമഗ്ര റിപ്പോർട്ട് സാദ്ധ്യമാകില്ലെന്നും വിലയിരുത്തി. അന്വേഷണ സംഘത്തിന് ഈ മാസം 31 വരെയാണ് സമയം അനുവദിച്ചിരുന്നത്.
നിലവിൽ 358 സാക്ഷികളെ ചോദ്യം ചെയ്തിട്ടുണ്ട്. കർണാടകയിലെ മഹാലക്ഷ്മി ലേഔട്ട് ക്ഷേത്രം, മുണ്ടോട്ടി പാളയം ക്ഷേത്രം, ശ്രീരാമപുരം ക്ഷേത്രം, ഗൗരിബിദന്നൂർ, ബെല്ലാരി, ഹോങ്കസാന്ദ്ര, വ്യാലിക്കാവൽ എന്നിവിടങ്ങളിലും ആന്ധ്രാപ്രദേശിലെ മദനപ്പള്ളി, അനന്തപൂർ എന്നിവിടങ്ങളിലും അന്വേഷണം നടത്തി. 2025ൽ നടന്ന ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണം പൂശലുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിൽ 20 സാക്ഷികളെ ചോദ്യം ചെയ്തതായും എസ്.ഐ.ടി കോടതിയെ അറിയിച്ചു.
കൊടിമരക്കേസ് അന്വേഷണം
അവസാനിപ്പിക്കാൻ അനുമതി
2017ൽ ശബരിമലയിൽ നടന്ന കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്രമക്കേടും ദുരുപയോഗവും നടന്നെന്ന കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസിന് ഹൈക്കോടതി അനുമതി നൽകി. കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ക്രമക്കേടിന് തെളിവില്ലെന്നായിരുന്നു റിപ്പോർട്ട്. ഇത് ഹൈക്കോടതി അംഗീകരിച്ചത്, അന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിലുണ്ടായിരുന്ന അജയ് തറയിലടക്കമുള്ള യു.ഡി.എഫ് അംഗങ്ങൾക്ക് ആശ്വാസമായി.
പുതിയ കൊടിമരത്തിനായി ഭക്തർ നൽകിയ സ്വർണത്തിന്റെ അളവിൽ ക്രമക്കേട് നടന്നതായി ആരോപണമുണ്ടായിരുന്നെങ്കിലും ക്രിമിനൽ ദുരുപയോഗമോ വിശ്വാസവഞ്ചനയോ കണ്ടെത്താനായിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. വിശ്വാസികൾ 412 ഗ്രാം സ്വർണം സംഭാവന നൽകിയെന്നാണ് ദേവസ്വം മഹസറിലുള്ളത്. അന്വേഷണത്തിൽ ആകെ സംഭാവന 300 ഗ്രാം സ്വർണം മാത്രമാണെന്ന് കണ്ടെത്തിയതായി വിജിലൻസ് വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് അന്വേഷണം അവസാനിപ്പിക്കാൻ കോടതി അനുവദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |