
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിമുഖം ഫേസ്‌ബുക്കിൽ നിന്ന് നീക്കം ചെയ്‌ത സംഭവത്തിൽ വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. അഭിമുഖം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയത് മെറ്റയ്‌ക്ക് സംഭവിച്ച അബദ്ധമാണെന്നും അഭിമുഖത്തിലെ കമന്റുകൾ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.
കമന്റുകൾ പലതും മോശം ഭാഷയിലായിരുന്നു. അതിനാലാണ് പൊലീസ് ഇടപെട്ടത്. കമന്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ വീഡിയോ തന്നെ നീക്കം ചെയ്‌തതിൽ ഇടപെട്ടിട്ടുണ്ട്. അഭിമുഖത്തിന്റെ ഭാഗം റീസ്റ്റോർ ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടു. അബദ്ധത്തിൽ സംഭവിച്ച കാര്യമാണിത്.
നീക്കം ചെയ്‌ത വീഡിയോകളുടെ കൃത്യമായ കണക്ക് ഇപ്പോഴില്ല. സൈബർ പൊലീസിംഗ് നടക്കുന്നുണ്ട്. പൊലീസ് നടപടിയിൽ പരാതിയുണ്ടെങ്കിൽ പരിഹരിക്കാൻ സംവിധാനമുണ്ടെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. ചട്ടങ്ങൾ പ്രകാരമാണ് പൊലീസ് പ്രവർത്തിക്കുന്നത്. പെരുമാറ്റച്ചട്ട ലംഘനം ഉണ്ടെങ്കിൽ പൊലീസിന് ഇടപെടാം. പ്രത്യേക നിർദേശം ഇതുമായി ബന്ധപ്പെട്ട് കമ്മീഷൻ നൽകിയിട്ടില്ലെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.
ബിജെപി സീൽ വിവാദത്തിലും അദ്ദേഹം വ്യക്തത വരുത്തി. സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും ആവശ്യമായ സമയത്ത് എല്ലാ കാര്യങ്ങളും പറയുമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം നടപടി സ്വീകരിക്കും. സീൽ എങ്ങനെ വന്നുവെന്ന് പിന്നീട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |