
തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനമായിരുന്നു. ന്യൂനപക്ഷങ്ങൾ തിരിച്ചടി കൊടുത്തപ്പോൾ ഭൂരിപക്ഷ പ്രീണനമായി. ഡൽഹിയിൽ പോയി ദി ഹിന്ദു ദിനപത്രത്തിന് മലപ്പുറത്തിന് എതിരെ അഭിമുഖം നൽകിയതും ഇതേ മുഖ്യമന്ത്രിയാണ്. വർഗീയത പ്രസംഗിക്കുന്നവർക്ക് പൊന്നാട അണിയിക്കാൻ പോയതും മുഖ്യമന്ത്രിയാണ്. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകളെ മാറി മാറി പ്രോത്സാഹിപ്പിച്ച ആളാണ് പിണറായി വിജയൻ. പറയുന്നത് മാറ്റി മാറ്റി പറയുന്ന ആളാണ് പിണറായി. ജമാഅത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്തിട്ട് മാദ്ധ്യമങ്ങളോട് ഒരു ബന്ധവും ഇല്ലെന്ന നുണ പറഞ്ഞതും പിണറായി വിജയനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ജമാ അത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്തിന്റെ വീഡിയോ ക്ലിപ് പുറത്ത് വിട്ടപ്പോഴാണ് നിലപാട് മാറ്റിയത്. ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദേശാഭിമാനിയുടെ എഡിറ്റോറിയലുമുണ്ട്. എന്നിട്ടും മുഖ്യമന്ത്രി നുണ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ശബരിമല യുവതി പ്രവേശനത്തിൽ നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞതാണ്. പിന്നീട് പാർലമെന്റ് തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ എല്ലാ വീടുകളിൽ കയറി സി.പി.എം മാപ്പ് ചോദിച്ചില്ലേ? ശബരിമല സ്വർണക്കേസിൽ സി.പി.എമ്മുകാർ ജയിലിൽ കിടന്നിട്ടും അവർക്കെതിരെ നടപടി എടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടായോ. കൊള്ളക്കാരെയും കവർച്ചക്കാരെയുമാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. രാഹുൽ ഗാന്ധിയെ 55 മണിക്കൂർ ഇ.ഡി ചോദ്യം ചെയ്തു. പക്ഷെ മുഖ്യമന്ത്രിയുടെ മകന് സമൻസ് മാത്രമെ വന്നുള്ളൂ. അത് പിന്നീട് എവിടെ പോയെന്ന് ആർക്കും അറിയില്ല. അതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്.
എന്റെ പറവൂരിലെ വീട്ടിലേക്ക് എല്ലാ മാസവും ബി.ജെ.പി മാർച്ചാണ്. എല്ലാ കാലത്തും എനിക്കെതിരെയാണ് അവർ ഏറ്റവും ശക്തമായി പ്രവർത്തിക്കുന്നത്. കോൺഗ്രസിനെ തോൽപ്പിക്കാനാണ് ബി.ജെ.പി നടക്കുന്നത്. പാലക്കാട് ഉൾപ്പെടെ നിരവധി മണ്ഡലങ്ങളിൽ ബി.ജെ.പി സി.പി.എം ഡീലുണ്ട്. മലമ്പുഴയിലും കോങ്ങാടും യു.ഡി.എഫ് വിജയിക്കും. ഇപ്പോഴുള്ള ഡീൽ ആരോപണത്തിൽ നിന്നും രക്ഷപ്പെടാൻ വീണിടത്ത് കിടന്ന് സി.പി.എം ഉരുളുകയാണ്.
മുഖ്യമന്ത്രി ഇട്ടിരിക്കുന്ന പടത്തിന് പിന്നിൽ 'മുന്നണി രാഷ്ട്രീയവും മതവാദവും' എന്ന സംവാദത്തിന്റെ ബോർഡുണ്ട്. അവിടെ പോയി ഞാൻ കോൺഗ്രസിന്റെ അഭിപ്രായമാണ് പറഞ്ഞത്. പണ്ട് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ഉൾപ്പെടെ എല്ലാവരുടെ വേദികളിലും എല്ലാവരും സംവാദത്തിനും സെമിനാറിനും പോകുമായിരുന്നു. അവിടെ പോയി കോൺഗ്രസിന്റെ അഭിപ്രായം പറയുന്നത് ആർ.എസ്.എസിനെ പുകഴ്ത്തലാകുന്നത് എങ്ങനെയാണ്? കെ.വി തോമസ് കോൺഗ്രസിലായിരിക്കുമ്പോൾ കണ്ണൂരിലെ സി.പി.എം സമ്മേളനത്തിലേക്ക് വിളിച്ചിട്ടില്ലേ. പറവൂർ ഇ.എം.എസ് സാംസ്‌കാരിക കേന്ദ്രത്തിന്റെ പരിപാടിയിലേക്ക് പണ്ട് സി.പി.എം വിളിക്കുമായിരുന്നു. ഇപ്പോൾ ആരും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറില്ല. ഒരു സംവാദത്തിൽ പങ്കെടുത്താൽ എന്താണ് കുഴപ്പം? ഞാൻ പിണറായി വിജയനെ പോലെ ആർ.എസ്.എസിന്റെ പിന്തുണയിൽ ജയിച്ചു വന്ന ആളല്ല. ആർ.എസ്.എസിന് ഒപ്പം നിന്ന് മത്സരിച്ച ആളാണ് പിണറായി വിജയൻ. മാസ്‌കറ്റ് ഹോട്ടലിൽ ഒന്നാം നമ്പർ കാർ മാറി വന്ന് അടച്ചിട്ട മുറിയിൽ ശ്രീ. എമ്മിന്റെ മധ്യസ്ഥതയിൽ ആർ.എസ്.എസുമായി കൂടിക്കാഴ്ച നടത്തിയില്ലേയെന്ന് നിയമസഭയിൽ മുഖത്ത് നോക്കി ചോദിച്ചപ്പോൾ തല കുനിച്ചിരുന്ന ആളാണ് പിണറായി വിജയൻ. ഇപ്പോഴും അതിന് മറുപടി പറഞ്ഞിട്ടില്ല. തൃശൂരിൽ ഞാൻ പ്രകാശനം ചെയ്ത പി. പരമേശ്വരന്റെ പുസ്തകം തിരുവനന്തപുരത്ത് വി.എസ് അച്യുതാനന്ദനാണ് പ്രകാശനം ചെയ്തത്. എം.പി വീരേന്ദ്രകുമാർ ക്ഷണിച്ചിട്ടാണ് ഞാൻ ആ പരിപാടിക്ക് പോയ്ത്. വി.എസ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്ത പുസ്തകം വി.ഡി സതീശൻ തൃശൂരിൽ പ്രകാശനം ചെയ്യാൻ പാടില്ലേ? മുഖ്യമന്ത്രി ഒരു കാര്യം പറഞ്ഞപ്പോൾ പഴയ പല കാര്യങ്ങളും ഓർമ്മിപ്പിക്കാൻ പറ്റി.
ആർ.വി ബാബു എന്നയാൾ കോൺഗ്രസ് വിരോധിയാണ്. ഒരു തട്ടിപ്പു കേസിൽ പെട്ടിട്ട് പറവൂരിൽ വന്ന് താമസിക്കുന്ന ആളാണ്. അക്കാര്യം കോൺഗ്രസ് പ്രവർത്തകർ പുറത്ത് കൊണ്ടു വന്നതിന്റെ വിദ്വേഷം തീർക്കാനാണ് ഓരോന്ന് പറയുന്നത്. ഞാൻ കൊടുത്ത ഇന്റർവ്യൂ പൊലീസ് ആവശ്യപ്പെട്ടിട്ട് മെറ്റ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്തു. ആ ഇന്റർവ്യൂവിനെ പോലും ഇവർ ഭയപ്പെടുകയാണ്. എന്തിനാണ് ഇത്രയും ഭയക്കുന്നത്? എത്ര നേതാക്കളാണ് തിരഞ്ഞെടുപ്പ് കാലത്ത് അഭിമുഖങ്ങൾ നൽകുന്നത്. ഇന്റർവ്യൂ മാറ്റണമെന്ന് ആവശ്യപ്പെടാൻ പൊലീസിന് എന്ത് അവകാശമാണുള്ളത്? രാഷ്ട്രീയ കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. ഇവിടെ ഭരിക്കുന്നത് ഭയമാണ്. എല്ലാ ഏകാധിപതികളെയും ഭയമാണ് ഭരിക്കുന്നത്. ഹിറ്റ്ലറിനും സ്റ്റാലിനും ഭയമായിരുന്നു. പിണറായി വിജയനും ഭയമാണ്. ഒരു ഇന്റർവ്യൂവിനെ പോലും ഭയക്കുന്ന ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
പ്രതിപക്ഷ നേതാവ് ഒരു ഇന്റർവ്യൂ നൽകിയപ്പോൾ അത് മാറ്റാൻ സ്വന്തം പൊലീസിനെ കൊണ്ട് മെറ്റയോട് ശിപാർശ ചെയ്യിച്ച ഭീരുവാണ് പിണറായി വിജയൻ. കേരളത്തിലെ പൊലീസ് മെറ്റയോട് ശിപാർശ ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്? കമന്റിൽ എന്താണ് കുഴപ്പം? തിരഞ്ഞെടുപ്പ് കമ്മിഷനല്ല, പൊലീസാണ് ശിപാർശ ചെയ്തത്. എല്ലാ ചെയ്തത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് പറയുന്നത് വീണിടത്ത് കിടന്ന് ഉരുളലാണ്. നരേന്ദ്ര മോദിയുടെ അനിയനാണ് കേരളം ഭരിക്കുന്നത്. അതുതന്നെയാണ് സ്വഭാവം. എല്ലാ ഏകാധിപതികളും ഭീരുക്കളാണ്. ആ ശ്രേണിയിലെ അവസാനത്തെ ആളാണ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ ഇന്റർവ്യൂവിനോട് പോലും അസഹിഷ്ണുതയും ഭയവുമാണ്. ഭയമാണ് ഇവിടെ ഭരിക്കുന്നത്. ഭീരുവായ മുഖ്യമന്ത്രിയാണ് ഭരിക്കുന്നത്'- വിഡി സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |