SignIn
Kerala Kaumudi Online
Sunday, 29 March 2026 9.14 AM IST

'അയ്യപ്പന്റെ വിഗ്രഹം മോഷ്ടിച്ചവർക്കെതിരെ എന്തുകൊണ്ട് നടപടിയില്ല? മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മറുപടി പറയണം'

Increase Font Size Decrease Font Size Print Page
vd-satheeshan-

പറവൂർ: ക്രിമിനൽ കേസുകളിൽ പ്രതികളായി ജയിലിൽ കഴിയുന്ന സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പറവൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും (എസ്‌ഐടി) കോടതിയും ഈ നേതാക്കൾക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചുവെന്ന ഗുരുതരമായ ആരോപണം ഈ നേതാക്കൾക്കെതിരെയുണ്ട്. അയ്യപ്പന്റെ ദ്വാരപാലക ശില്പം കടത്തി ഒരു കോടീശ്വരന് വിറ്റുവെന്നും, അതിന് പകരമായി വ്യാജമായ ചെമ്പ് ശില്പം പ്രതിഷ്ഠിച്ചുവെന്നും ആരോപണമുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഹൈക്കോടതിയും സുപ്രീംകോടതിയും അതീവ കർശനമായ ഭാഷയിലാണ് ജാമ്യം നിഷേധിച്ചത്. നിലവിൽ കുറ്റപത്രം സമർപ്പിക്കാത്ത സാങ്കേതിക കാരണത്താൽ മാത്രമാണ് ഇവർ പുറത്തിറങ്ങിയിരിക്കുന്നത്. ഇത്രയും വലിയ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് കോടതികൾ പോലും സംശയിക്കുന്ന വ്യക്തികളെ പാർട്ടി സംരക്ഷിക്കുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

'അവരെ എന്തുകൊണ്ടാണ് സിപിഎം സംരക്ഷിക്കുന്നത്. ഇതുപോലെയൊരു കവർച്ച കേസിൽ പ്രതികളായ നേതാക്കൾ ഇപ്പോൾ ജില്ലാ കമ്മിറ്റി അംഗമായിട്ടാണ് ഇരിക്കുന്നത്. സിപിഎം ഇവരെയൊക്കെ പൂർണമായും സംരക്ഷിക്കുകയാണോ? അവർക്കെതിരെ എന്തുകൊണ്ട് അച്ചടക്ക നടപടി സ്വീകരിക്കുന്നില്ല? ഏത് പാർട്ടിയാണെങ്കിലും ഇത്തരം കേസുകളിൽപ്പെട്ട ആളുകൾക്കെതിരായി അപ്പോൾ തന്നെ നടപടി സ്വീകരിക്കും.

ഇതിനെക്കാളും നിസാരമായ കേസുകളിൽപ്പെട്ട ആളുകൾക്കെതിരെ ഏത് രാഷ്ട്രീയ പാർട്ടികളും നടപടികൾ സ്വീകരിക്കുമ്പോൾ ശബരിമല ധർമ്മശാസ്താവിന്റെ സ്വർണം കട്ടെടുക്കുകയും അവിടെ ദ്വാരപാലക ശില്പം കൊണ്ടു വയ്ക്കുകയും കോടികണക്കിന് രൂപയ്ക്ക് ഒരു കോടീശ്വരന് വില്ക്കുകയും ചെയ്ത ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതികളെ എന്തുകൊണ്ടാണ് സിപിഎം സംരക്ഷിക്കുന്നത്? അത് ബാക്കിയുള്ള ഇപ്പോഴത്തെ മന്ത്രിയുടെയും മുൻ മന്ത്രിയുടെയും പേര് അവർ പുറത്തു പറയുമെന്ന ഭയം കൊണ്ടാണോ അവരെ സംരക്ഷിക്കുന്നത്? അവർക്കെതിരായി എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്.

എന്ത് സമ്മർദ്ദമാണ് അതിനു പിന്നിലുള്ളത്, ഇക്കാര്യം മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ജനങ്ങളോട് പറയാനുള്ള ബാദ്ധ്യതയുണ്ട്. യഥാർത്ഥത്തിൽ ഈ കവർച്ച ചെയ്ത ആളുകൾക്ക് പൂർണമായ സംരക്ഷണമാണ് സർക്കാരും പാർട്ടിയും നൽകുന്നത്. കവർച്ചക്കാർക്കും കൊള്ളക്കാർക്കും കുട പിടിച്ച് കൊടുക്കുകയാണ്. എത്ര ദിവസം അവർ ജയിലിൽ കഴിഞ്ഞു. ചുവന്ന മാലയിട്ട് സീകരിക്കാൻ പോയില്ലെന്ന് മാത്രമേയുള്ളു. ബാക്കി എല്ലാം ചെയ്തിട്ടുണ്ട്. അവരെ ആശ്വസിപ്പിച്ചിട്ടുണ്ട്. അവരുടെ കൂടെയുണ്ടാകുമെന്ന് വാക്ക് കൊടുത്തിട്ടുണ്ട്.

എന്തുകൊണ്ടാണ് ഇത്രയും ഗുരുതരമായ ആരോപണങ്ങളുള്ള ആളുകൾക്കെതിരെ ഒന്നും ചെയ്യാതിരിക്കുന്നത്. മുഖ്യമന്ത്രി ഈ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. എല്ലാ ദിവസവും മാദ്ധ്യമങ്ങളെ കാണുമ്പോൾ ഈ ചോദ്യങ്ങൾക്കു കൂടി മുഖ്യമന്ത്രി മറുപടി പറയണം. പാർട്ടി സെക്രട്ടറിയും മറുപടി പറയണം. അത് കേരളത്തിലെ ജനങ്ങൾ ഉയർത്തുന്ന ചോദ്യമാണ്. ആ ചോദ്യത്തിന് മറുപടി പറയണം'. -സതീശൻ കൂട്ടിച്ചേർത്തു.

TAGS: VD SATHEESHAN, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.