
കറാച്ചി: പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ മുൻ ഇംഗ്ലണ്ട് പേസർ ഡൊമിനിക് കോർക്കിനെ പരസ്യമായി പരിഹസിച്ച മുൻ പാക് സ്പിന്നർ മുഷ്താഖ് അഹമ്മദിനെതിരെ കടുത്ത വിമർശനം. മത്സരത്തിന് മുന്നോടിയായുള്ള ചർച്ചയ്ക്കിടെ ഡൊമിനിക്കിനെ മുഷ്താഖ് വ്യക്തിപരമായി അധിക്ഷേപിച്ചതാണ് വിവാദമായത്. മുഷ്താഖിന് അടിസ്ഥാന മര്യാദകളില്ലെന്ന് സോഷ്യൽ മീഡിയയിൽ ആരാധകർ കുറ്റപ്പെടുത്തി. ഗ്രൗണ്ടിലെ പിച്ചിനെക്കുറിച്ചും ഓസ്‌ട്രേലിയൻ സ്പിന്നർ ആദം സാംപയുടെ ബൗളിംഗിനെക്കുറിച്ചും മുഷ്താഖിനോട് അഭിപ്രായം ചോദിക്കുകയായിരുന്നു ഡൊമിനിക്. എന്നാൽ ചോദ്യത്തിന് മറുപടി നൽകുന്നതിന് പകരം ഡൊമിനിക്കിന്റെ ബാറ്റിംഗ് റെക്കാഡിനെ പരിഹസിക്കാനാണ് മുഷ്താഖ് ശ്രമിച്ചത്.
ഡൊമിനിക്: നിങ്ങൾ രണ്ടുവശത്തേക്കും പന്ത് തിരിക്കാൻ കഴിവുള്ള ഒരു ജീനിയസ് ആയിരുന്നു. തൊട്ടുപിന്നിൽ ആദം സാംപയുണ്ട്. ഈ പിച്ചിൽ ബൗൾ ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് എന്ത് ഉപദേശമാണ് നിങ്ങൾ നൽകുക?
മുഷ്താഖ്: സാംപയ്ക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കുന്നതിന് മുമ്പ് എനിക്ക് നിങ്ങളോടൊരു കാര്യം ചോദിക്കാനുണ്ട്. ഏകദിനത്തിലും ടെസ്റ്റിലും ഫസ്റ്റ് ക്ലാസിലും എത്ര തവണയാണ് ഞാൻ നിങ്ങളെ ഔട്ടാക്കിയിട്ടുള്ളതെന്ന് ഓർമ്മയുണ്ടോ?
ഡൊമിനിക്: മുഷി, നിങ്ങൾ ഒരു തവണ മാത്രമാണ് എന്നെ ഔട്ടാക്കിയിട്ടുള്ളത്.
മുഷ്താഖ്: അല്ല, ഒരുപാട് തവണ ഉണ്ടായിട്ടുണ്ട്.
ഡൊമിനിക് (വിഷയം മാറ്റാൻ ശ്രമിക്കുന്നു): എനിക്ക് ബാറ്റ് ചെയ്യാൻ അറിയില്ലായിരുന്നു, എന്നെ ഔട്ടാക്കിയതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട. ടോപ്പ് ഓർഡർ ബാറ്റർമാരെ ഔട്ടാക്കുന്നതിനെക്കുറിച്ച് പറയൂ.
മുഷ്താഖ്: നിങ്ങൾ വിനയം കാണിക്കുകയാണ് ഡോം. ഇംഗ്ലണ്ടിന് വേണ്ടി നിങ്ങൾ കളിച്ചിരുന്നത് ഒരു ഓൾറൗണ്ടറായിട്ടായിരുന്നല്ലോ.
ഡൊമിനിക്: എന്നെക്കുറിച്ചുള്ള സംസാരം നിർത്തൂ, നമുക്ക് ഈ പിച്ചിനെക്കുറിച്ചും ആദം സാംപയെക്കുറിച്ചും സംസാരിക്കാം.
🚨🚨Mushtaq Ahmed embarrassed dominic cork on camera
— SheR•ALI (@Sher__Ali) March 27, 2026
- i meam he was just simply asking him a question and all of sudden Mushtaq Ahmed just embarrassed him,
• Lack of manners or what ? pic.twitter.com/5Uw0VcFGX0
തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കാൻ താല്പര്യമില്ലെന്ന് ഡൊമിനിക് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും മുഷ്താഖ് പരിഹാസം തുടർന്നു. ഒരു സഹപ്രവർത്തകനോട് പെരുമാറേണ്ട രീതിയല്ല ഇതെന്നും അഹങ്കാരമാണ് മുഷ്താഖ് കാണിച്ചതെന്നുമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കുറിച്ചത്. ഇംഗ്ലണ്ടിനായി 37 ടെസ്റ്റുകളിലും 32 ഏകദിനങ്ങളിലുമായി ഡൊമിനിക്ക് 172 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായ മുഷ്താഖ് 52 ടെസ്റ്റുകളിൽ നിന്നും 144 ഏകദിനങ്ങളിൽ നിന്നുമായി 300ലധികം വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |