
തൃശ്ശൂർ: രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ചുരുക്കം ചില നിയന്ത്രണങ്ങൾ വേണ്ടിവരുന്നു എന്നേയുള്ളൂവെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഇന്നലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഓയിൽ കമ്പനികളുടെയും യോഗം വിളിച്ചു. പ്രതിസന്ധി ഉണ്ടെന്നത് വ്യാജപ്രചാരണം മാത്രമാണ്. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് പോലും പാചക വാതകത്തിന്റെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഉണ്ട്.വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ ആലോചിക്കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
അതിനിടെ, ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്നലെ രണ്ട് ഇന്ത്യൻ കപ്പലുകൾക്കുകൂടി അനുമതി ലഭിച്ചു. എൽപിജി ടാങ്കറുകളായ ബിഡബ്ല്യു ഇഎൽഎം, ബിഡബ്ല്യു ടിവൈആർ എന്നിവയ്ക്കാണ് അനുമതി ലഭിച്ചതെന്നാണ് റിപ്പോർട്ട്. രണ്ട് കപ്പലുകളും ചെന്നൈ ആസ്ഥാനമായുള്ള ബിഡബ്ല്യു ഗ്ലോബൽ യുണൈറ്റഡ് എൽപിജി കമ്പനിയുടേതാണ്.
നിലവിൽ കടലിടുക്കിൽ ഉള്ളത് 18 ഇന്ത്യൻ കപ്പലുകളാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയത് ശിവാലിക്, നന്ദാദേവി, ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ നാല് എൽപിജി ടാങ്കറുകളാണ്. പിന്നാലെയാണ് ഇന്നലെ രണ്ട് ടാങ്കറുകൾക്ക് കൂടി അനുമതി ലഭിച്ചത്. ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നതിനായി ഇന്ത്യ ഇറാനുമായി നയതന്ത്ര തലത്തിൽ ഇടപെട്ടിട്ടുണ്ട്. ഇന്ധനവുമായി കൂടുതൽ കപ്പലുകൾ ഉടൻ ഹോർമുസ് കടക്കുമെന്നാണ് അറിയുന്നത്. പാകിസ്ഥാന്റെ ഇരുപതുകപ്പലുകൾക്കും ഹോർമുസ് കടക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |