
മരണപ്പെട്ട മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മൂത്തമകൻ കിച്ചു സുധി കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയ്‌ക്ക് പിന്നാലെ കടുത്ത സൈബർ ആക്രമണങ്ങളാണ് സെലിബ്രിറ്റി കൂടിയായ രേണുസുധി നേരിടുന്നത്. ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങൾ തുറക്കാൻ സാധിക്കുന്നില്ലെന്നും വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് തനിക്ക് നേരെ നടക്കുന്നതെന്നും വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി. സ്‌ട്രെസ് താങ്ങാനാവാതെ താൻ ചിലപ്പോൾ ആത്മഹത്യ ചെയ്‌തേക്കാമെന്ന് കരഞ്ഞുകൊണ്ട് രേണു സുധി പറയുന്നു.
'ഫേസ്‌ബുക്കും ഇൻസ്റ്റയും ഒന്നും തുറക്കാൻ പറ്റുന്നില്ല. കണ്ടന്റ് ഉണ്ടാക്കുന്നവർക്ക് രേണു സുധി എന്ന കണ്ടന്റ് മാത്രമേ ഉള്ളോ? ചിലതൊക്കെ എന്നെ ബാധിക്കും. എന്തെങ്കിലും വീഡിയോ കാണാൻ ഫേസ്‌ബുക്ക് തുറക്കുമ്പോഴേക്ക് ഇതിങ്ങനെ വന്നുകൊണ്ടിരിക്കും. കമന്റ് ബോക്‌സ് തുറന്നുകഴിഞ്ഞാൽ ഞാനെന്തോ അപരാധം ചെയ്‌തുവെന്ന മട്ടിലാണ് കമന്റുകൾ മുഴുവൻ. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് രേണു സുധി ഒരു കണ്ടന്റ് ആണെന്നുള്ളത്. കാശ് കിട്ടുന്നുണ്ടായിരിക്കും ഇവർക്ക് മാസം. ഈ വീഡിയോ ഞാൻ ഇട്ടുകഴിഞ്ഞാലും ആഘോഷിക്കാൻ ആളുകൾ കാണും ഇഷ്‌ടംപോലെ. അവൾ കള്ളക്കരച്ചിലുമായിട്ടിറങ്ങി. അവൾ മുതലക്കരച്ചിലുമായിട്ടിറങ്ങി..ഞാനും ഒരു മനുഷ്യനാണ്. എനിക്ക് വേണമെങ്കിൽ ഇപ്പോൾ ആത്മഹത്യ ചെയ്യാം. കാരണം കേൾക്കാവുന്നതിനപ്പുറം ഞാൻ കേട്ടു. ചില കാര്യങ്ങൾ എന്നെ പിന്നിലേക്ക് പിടിച്ചുവലിയ്‌ക്കുകയാണ്. ആത്മഹത്യ ചെയ്യാതിരിക്കാൻ വേണ്ടി. പക്ഷേ, ഈ സ്‌ട്രെസ് താങ്ങാനാകാതെ ചിലപ്പോൾ ഞാൻ അങ്ങനെ തന്നെ ചെയ്യുമായിരിക്കും. അറിയില്ല'- രേണു സുധി പറഞ്ഞു.
ബാല്യകാലം മുതൽ താൻ കടന്നുവന്ന ജീവിതം വിവരിച്ചുകൊണ്ടാണ് കിച്ചു സുധി വീഡിയോ പങ്കുവച്ചത്. താൻ നേരിട്ട അവഗണനകളെയും ഒറ്റപ്പെടലുകളെയും കുറിച്ച് കിച്ചു തുറന്നുപറഞ്ഞിരുന്നു. താനൊരു ഇൻട്രോവേർട്ടാണെന്നും അധികം സംസാരിക്കാനറിയില്ലെന്നും പറഞ്ഞുകൊണ്ടാണ് കിച്ചു വീഡിയോ പങ്കുവച്ചത്. സുധി മരിച്ചതിനുശേഷമുണ്ടായ ഒറ്റപ്പെടലിൽ ലഹരിക്കുപോലും അടിമയായിട്ടുണ്ടെന്ന് കിച്ചു പറഞ്ഞു. രേണു സുധിയുമായി വലിയ കണക്ഷൻ ഇല്ലെന്നും കിച്ചു തുറന്നുപറയുന്നുണ്ട്. ഇതിനുപിന്നാലെയാണ് രേണു സുധിക്കെതിരെ ആക്രമണങ്ങൾ ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |