
ആലപ്പുഴ: കലഹങ്ങളിലും വാക്ക്പോരിലും രോഷത്തോടെ കേൾക്കുന്ന 'കാലമാടൻ" ഇവിടെ ഈശ്വരൻ. ഇവിടെ എത്തുന്നവർ ഭക്തിപുരസരം കൈകൾ കൂപ്പി കുമ്പിട്ട് പ്രാർത്ഥിക്കും, 'കാലമാടാ, കാത്തുകൊള്ളണേ..." ഇതു പരമശിവന്റെ മാനസപുത്രന്മാരിലൊരാളെന്ന് വിശ്വസിക്കുന്ന ഉഗ്രമൂർത്തിയായ കാലമാടനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം. ഹരിപ്പാട് മുട്ടം ചൂണ്ടുപലക ജംഗ്ഷനിലാണ് ശ്രീകാലമാടൻ സ്വാമി ക്ഷേത്രം. അമ്പലങ്ങളിൽ ഉപപ്രതിഷ്ഠയായി മാടൻ ഉണ്ടെങ്കിലും കാലമാടൻ ക്ഷേത്രം കേരളത്തിൽ ഇതുമാത്രം.
കായംകുളം രാജാവിന്റെ കാലത്ത് പ്ലാവിൻ തടിയിൽ കൊത്തിയുണ്ടാക്കിയതാണ് കാലമാടൻ സ്വാമിയുടെ രൂപമെന്നാണ് വിശ്വാസം. മുട്ടം കണിയാംപറമ്പിൽ കുടുംബത്തിന്റെ അറയിൽ സൂക്ഷിച്ച് ആരാധിച്ചിരുന്ന രൂപം, വർഷങ്ങൾക്കുശേഷം ക്ഷേത്രം സ്ഥാപിച്ച് പ്രതിഷ്ഠ നടത്തിയെന്നാണ് പഴമക്കാർ പറയുന്നത്. ക്ഷേത്രത്തിലെ പൂജ അവകാശവും കണിയാംപറമ്പിൽ കുടുംബത്തിലെ പിൻമുറക്കാർക്കാണ്.
പന്തം പോലുള്ള കണ്ണുകളും ഏറ്റുപല്ലുമുള്ള രൂപം കാണാൻ ഭക്തർ മകരത്തിലെ അവസാനദിവസം ക്ഷേത്രത്തിലെത്തും. രൂപത്തിനു മുകളിൽ കുട ചൂടിയതുപോലെ പഞ്ചനാഗങ്ങളെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. നട അടഞ്ഞുകിടക്കുകയാണെങ്കിലും ദിനംപ്രതി ധാരാളം വിശ്വാസികൾ എത്തുന്നുണ്ട്. ഒരടുക്ക് വെറ്റില, അഞ്ച് പാക്ക്, പുകയില, എണ്ണ, ചന്ദനത്തിരി, കർപ്പൂരം എന്നിവ ദക്ഷിണയ്ക്കൊപ്പം നടയിൽ സമർപ്പിച്ചാണ് പ്രാർത്ഥന. ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിനായി 11 മുതൽ 21 ദിവസം വരെ തുടർച്ചയായി നെയ്യോ, എള്ളെണ്ണയോ ഒഴിച്ച് വിളക്ക് കത്തിക്കുന്നവരുമുണ്ട്.
തുറക്കുന്നത് വർഷത്തിലൊരിക്കൽ
വർഷത്തിൽ ഒരുദിവസം മാത്രമേ നട തുറക്കൂ. മകരമാസത്തിലെ അവസാന ദിവസം. അന്ന് അർച്ചനയ്ക്കുശേഷം കരിങ്കോഴിയെ വെട്ടി തർപ്പണം ചെയ്യണമെന്നാണ് ആചാരം. കാലമാടൻ പ്രതിഷ്ഠയോട് ചേർന്നുള്ള ഭദ്രകാളി കോവിലിൽ എല്ലാ മലയാള മാസം ഒന്നാം തീയതിയും നടതുറന്ന് പൂജയുണ്ട്.
കരിങ്കോഴി സമർപ്പണമാണ് പ്രധാന വഴിപാട്. ഉത്സവദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം വിശ്വാസികളെത്താറുണ്ട്.
- ഗണനാഥൻ, രക്ഷാധികാരി,
ശ്രീകാലമാടൻ സ്വാമി ക്ഷേത്രം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |