
കൊച്ചി: ആലുവയിൽ രണ്ടിടങ്ങളിലായി രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കുമളി മുരുക്കുടി സ്വദേശിനിയായ 27കാരിയും ഒരു ഇതരസംസ്ഥാന തൊഴിലാളിയുമാണ് മരിച്ചത്. കുമളി മുരുക്കുടി പട്ടത്തുവിള വീട്ടിൽ ജോമോൾ വർഗീസ് ആണ് മരിച്ചത്. ആലുവ ടൗണിലെ ലോഡ്‌ജിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ പത്തുമണിയോടെയാണ് യുവതി ലോഡ്‌ജിലെ മൂന്നാം നിലയിൽ മുറിയെടുത്തത്. ഒരു ദിവസം മുഴുവൻ ഇവിടെ തങ്ങിയ യുവതി പുറത്തിറങ്ങാത്തതോടെ സംശയം തോന്നിയ ലോഡ്‌ജ് ജീവനക്കാർ ഇന്ന് വെളുപ്പിന് അഞ്ചുമണിയോടെ വാതിലിൽ തട്ടിവിളിച്ചെങ്കിലും തുറന്നില്ല. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് സൺഷെയ്‌ഡിൽ കയറി നോക്കിയപ്പോഴാണ് യുവതി തൂങ്ങിനിൽക്കുന്നതായി കണ്ടത്. ഉടൻതന്നെ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു.
തലേന്ന് യുവതിയുടെ സുഹൃത്തും ബന്ധുവും ലോഡ്‌ജിൽ എത്തിയിരുന്നുവെങ്കിലും വിളിച്ചിട്ട് പ്രതികരണമില്ലാത്തിനാൽ കാണാൻ സാധിച്ചിരുന്നില്ല. അസുഖബാധിതയായിരുന്നതിനാൽ മരുന്ന് കഴിച്ച് ഉറങ്ങുകയായിരിക്കുമെന്നാണ് ഇവർ കരുതിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളിൽ നിന്ന് വിവരം തേടുകയാണെന്നും പൊലീസ് വ്യക്തമാക്കി.
കീഴ്‌മാട് എടയപുറം മുടൂർ റോഡിന് സമീപത്താണ് ഇതരസംസ്ഥാന തൊഴിലാളിയെന്ന് സംശയിക്കുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നുരാവിലെ ഏഴരയോടെ പ്രദേശവാസിയായ സന്തോഷ് എന്നയാളുടെ കൃഷിയിടത്തിന് സമീപത്തായി ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |