പെരുമ്പാവൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലം ഉൾപ്പെടെ അഞ്ചിടങ്ങളിൽ പെരുമ്പാവൂർ സ്വദേശികൾ ജനവിധി തേടുന്നു. പെരുമ്പാവൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥി ബേസിൽ പോൾ, എൻ.ഡി.എ സ്ഥാനാർത്ഥി ജിബി പാത്തിക്കൽ എന്നിവർ നാട്ടുകാരാണ്. അങ്കമാലിയിൽ സാജു പോൾ (എൽ.ഡി.എഫ്), തൃക്കാക്കരയിൽ അഡ്വ. പുഷ്പാ ദാസ് (എൽ.ഡി.എഫ്), പാലക്കാട് കോങ്ങാട് രേണു സുരേഷ് (എൻ.ഡി.എ) എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് പെരുമ്പാവൂരുകാർ.
നേമത്തെ സിറ്റിംഗ് എം.എൽ.എ വി. ശിവൻകുട്ടി പെരുമ്പാവൂരിന്റെ മരുമകനാണ്. മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി. ഗോവിന്ദപ്പിള്ളയുടെ തറവാടായ പുല്ലുവഴി കാപ്പിള്ളിൽ കുടുംബവുമായി അദ്ദേഹത്തിന് അഭേദ്യബന്ധമുണ്ട്. പി. ഗോവിന്ദപ്പിള്ളയുടെ മകൾ പാർവതിയാണ് വി. ശിവൻകുട്ടിയുടെ ഭാര്യ. മുൻമുഖ്യമന്ത്രി പി.കെ. വാസുദേവൻനായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മയുടെ സഹോദരനായിരുന്നു പി. ഗോവിന്ദപ്പിള്ള.
ഒരേസമയം ഒന്നിലധികം ജനപ്രതിനിധികളെ നിയമസഭയിലെത്തിച്ച പാരമ്പര്യം പെരുമ്പാവൂരിനുണ്ട്. പി.പി. തങ്കച്ചൻ സ്പീക്കറായും ടി.എച്ച്. മുസ്തഫ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ബെന്നി ബഹനാൻ പിറവത്തെ പ്രതിനിധീകരിച്ചപ്പോൾ, തൃപ്പൂണിത്തുറയിൽ ടി.കെ. രാമകൃഷ്ണനെ പരാജയപ്പെടുത്തി അഡ്വ. കെ.ജി.ആർ. കർത്താ ആരോഗ്യവകുപ്പ് മന്ത്രിയായി നിയമസഭയിലെത്തിയതും ചരിത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |